തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി ഇന്ന് ആഘോഷിക്കും. പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, പാമ്പാടി ദേശങ്ങളാണ് താലപ്പൊലി ആഘോഷത്തിലെ മുഖ്യ പങ്കാളികൾ. ഇന്ന് രാവിലെ ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വടക്കേക്കൂട്ടാല ക്ഷേത്രത്തിൽ നിന്നും പ്രത്യേക പൂജകൾക്കു ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി ഗുരുവായൂർ നന്ദന്റെ പുറത്തേറി ദേശം ചുറ്റി വില്യാദ്രിനാഥനെ വണങ്ങാനായി പുറപ്പെടും. ഉച്ചയ്ക്ക് രണ്ടു മണിയോടെ കിഴക്കുമുറി ദേശത്തിന്റെ വേല മല്ലിശ്ശേരി കാവിൽ നിന്നും പാമ്പാടി ദേശത്തിന്റെ വേല മന്ദത്ത് ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറ്റുമുറി ദേശത്തിന്റെ വേല കൊച്ചു പറക്കോട്ടുകാവിൽ നിന്നും പുറപ്പെടും. കിഴക്കുമുറി ദേശം നൂറ്റി ഒന്ന് പറ വച്ച് ആചാരവെടി മുഴക്കിയാണ് കാവിൽ നിന്നും പുറപ്പെടുന്നത്. ദേശങ്ങൾ താലപ്പൊലി പാറയിലെത്തി മേളവും കുടമാറ്റവും നടത്തി 19 ആനകൾ നിരക്കുന്ന കൂട്ടി എഴുന്നെള്ളിപ്പും നടത്തും. ഗുരുവായൂർ നന്ദൻ പടിഞ്ഞാറ്റുമുറിക്കും മംഗലാംകുന്ന് അയ്യപ്പൻ കിഴക്കുമുറി ദേശത്തിനും പുതുപ്പള്ളി കേശവൻ പാമ്പാടിക്കുമായി തിടമ്പേന്തും. ചോറ്റാനിക്കര നന്ദപ്പ മാരാർ പടിഞ്ഞാറ്റുമുറിക്കും കുനിശ്ശേരി അനിയൻ മാരാർ കിഴക്കുമുറിക്കും ചോറ്റാനിക്കര സുഭാഷ് മാരാർ പാമ്പാടി ദേശത്തിനും വാദ്യ പ്രമാണക്കാരാവും. തുടർന്ന് മൂന്ന് ദേശത്തിന്റേയും നേതൃത്വത്തിലുള്ള വെടിക്കെട്ടും അവതരിപ്പിക്കും. ഇന്നലെ വിവിധ ചെറു പൂരക്കമ്മറ്റികളുടേയും യുവനക്കമ്മറ്റികളുടേതുമായ റോഡ് ഷോ വാദ്യമേളങ്ങളുടേയും നിരവധി കലാരൂപങ്ങളുടേയും അകമ്പടിയോടെ തിരുവില്വാമലയിൽ നടത്തി.