കുന്നംകുളം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇ-വെഹിക്കിൾ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുന്നംകുളം ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ ആരംഭിച്ച വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ 9ന് നാടിന് സമർപ്പിക്കും. കുന്നംകുളം, ഒല്ലൂർ , മാടക്കത്തറ, വലപ്പാട്, ചാലക്കുടി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പുതിയ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 56 ചാർജിംഗ് സ്റ്റേഷനുകളാണ് നിലവിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. പത്തെണ്ണം തൃശൂരിലാണ്. വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 3.30ന് ഒല്ലൂരിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. കുന്നംകുളം നിയോജക മണ്ഡലത്തിലെ വൈദ്യുതി ചാർജിംഗ് കേന്ദ്രമായ കാണിപ്പയ്യൂർ സബ് സ്റ്റേഷനുമുന്നിലുള്ള ചാർജിംഗ് സ്റ്റേഷൻ എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സീതരവീന്ദ്രൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ആശാ സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാണിപ്പയ്യൂരിൽ നാല് ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 40 മിനിറ്റുകൊണ്ട് വൈദ്യുതി വാഹനങ്ങൾ ഫുൾ ചാർജ് ചെയ്യുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. അസി. എൻജിനിയർമാരായ ഇ.എ. സത്യശീലൻ, സി. ബിൽസക്കറിയ, ഇ. കെ. തോംസൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നാലുചക്ര വാഹനങ്ങൾക്കുള്ള വൈദ്യുതി ചാർജിംഗ് സംവിധാനമാണ് ഇവിടങ്ങളിൽ ആദ്യഘട്ടം ഒരുക്കിയിട്ടുള്ളത്. ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും ചാർജ് ചെയ്യാനുള്ള ചാർജിംഗ് സെന്ററുകൾ ഉടൻ ആരംഭിക്കും.
-വൈദ്യുതി വകുപ്പ് അധികൃതർ