മേത്തല സഹകരണ ബാങ്ക് തിരഞ്ഞടുപ്പ്

കൊടുങ്ങല്ലൂർ: മേത്തല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മേത്തല സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അട്ടിമറി വിജയത്തിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്. 13 അംഗ ഭരണസമിതിയിൽ ഒമ്പത് എൽ.ഡി.എഫ് അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. രണ്ട് ഡയറക്ടർമാർ മരണമടഞ്ഞതിനെ തുടർന്ന് കോൺഗ്രസിന്റെ അംഗബലം രണ്ടായി ചുരുങ്ങി. പിടിച്ചെടുത്ത ഭരണം നിലനിറുത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. അഡ്വ. സി.പി. രമേശൻ, അഡ്വ. എം. ബിജുകുമാർ, കെ.എം. സലിംകുമാർ എന്നിവരാണ് എൽ.ഡി.എഫിന് നേതൃത്വം നൽകുന്നത്. പ്രചാരണം കൊഴുപ്പിച്ച് നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, മേത്തല മണ്ഡലം പ്രസിഡന്റ് വി.എം. ജോണി, മഹിളാ കോൺഗ്രസ് നേതാവ് ചന്ദ്രിക ശിവരാമൻ എന്നിവരാണ് കോൺഗ്രസ് പാനലിനെ നയിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി ആറ് പേരാണ് മത്സരിക്കുന്നത്. മേത്തല ഏരിയ പ്രസിഡന്റ് പ്രജീഷ് ചള്ളിയിൽ, കർഷകമോർച്ച നേതാവ് രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ പാർവതി സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഈ മാസം 22നാണ് തിരഞ്ഞെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.