തൃശൂർ: പൂരം ഘടകപൂരങ്ങളിൽ പ്രധാനിയായ ചെമ്പൂക്കാവിലമ്മയുടെ വടക്കുന്നാഥന്റ മതിൽകെട്ടിനുള്ളിൽ തുടക്കം കുറിക്കുന്ന തെക്കോട്ടിറക്കം മേളത്തിന് അമരക്കാരനായി വീണ്ടും പാറമേക്കാവ് അഭിഷേക്. തുടർച്ചയായ നാലാം തവണയാണ് 27 വയസുകാരനായ ഈ യുവാവ് ചെമ്പൂക്കാവിന്റെ മേളത്തിന് നെടുനായകത്വം വഹിക്കുന്നത്. തൃശൂർ പൂരത്തിന് അണി നിരക്കുന്ന മേള പ്രമാണിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ യുവകലാകാരൻ. കഴിഞ്ഞ 12 വർഷത്തോളമായി പാറമേക്കാവിന്റെ തെക്കോട്ടിറക്കം മേളനിരയിൽ കൊട്ടി വരുന്ന അഭിഷേക് 2018 ലാണ് ആദ്യമായി ചെമ്പൂക്കാവിന്റെ മേള പ്രമാണിയായി അരങ്ങേറ്റം കുറിച്ചത്. പാറമേക്കാവ് കലാക്ഷേത്രത്തിലെ പൂർവ വിദ്യാർത്ഥിയായ ഈ യുവാവ് കലാമണ്ഡലം ശിവദാസ്, പാറമേക്കാവ് അജീഷ്, അനീഷ് എന്നിവരുടെ ശിക്ഷണത്തിലാണ് മേളം അഭ്യസിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി നിരവധി ക്ഷേത്രങ്ങളിൽ മേളം അഭ്യസിപ്പിക്കുന്ന അഭിഷേകിന് നൂറ്റിയമ്പതിൽ പരം ശിഷ്യ പരമ്പരയുണ്ട്. ഭക്തപ്രിയം ക്ഷേത്രം, പാലയ്ക്കൽ ഭഗവതി ക്ഷേത്രം കുതിരാൻ ശ്രീ അയ്യപ്പക്ഷേത്രം തുടങ്ങി പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങളിലും മേളത്തിന് നായകനാകാൻ അഭിഷേകിന് ഈ ചെറുപ്രായത്തിൽ സാധിച്ചു. പൂരദിവസം രാവിലെ 9.30 ന് വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയിൽ ആരംഭിക്കുന്ന മേളത്തിൽ 70 ൽപ്പരം കലാകാരൻമാർ അണിനിരക്കും.
അഭിഷേക്.