
തൃശൂർ: വടക്കുന്നാഥന്റെ ഇലഞ്ഞിമരച്ചുവട്ടിൽ പാണ്ടിമേളത്തിന്റെ വിസ്‌മയം തീർക്കുന്ന മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്ക് ഇത് 46-ാം പൂരം. 24 തവണ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായി. കാൽ നൂറ്റാണ്ടിലേക്ക് നീളുന്ന ധന്യത...
1999ലാണ് കുട്ടൻമാരാർ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണികത്വം ഏറ്റെടുക്കുന്നത്. പിന്നീട് 24 വർഷങ്ങളിലും മുന്നിൽ നിന്ന് മേളം നയിച്ചു. 2020ൽ പൂരത്തെ കൊവിഡ് കവർന്നെങ്കിലും 2021ൽ ജനങ്ങളെ ഒഴിവാക്കി ആചാരങ്ങളൊന്നും തെറ്റിക്കാതെ പൂരം കൊണ്ടാടി. അപ്പോൾ ടി.വിയിലും നവമാദ്ധ്യമങ്ങളിലും ആസ്വാദകർ മേളത്തിൽ ലയിച്ചു.
ഒമ്പത് തവണയായി ഇലഞ്ഞിത്തറ മേളത്തിൽ കുട്ടൻ മാരാരുടെ മകൻ കാർത്തിക് പി. മാരാരുമുണ്ട്. ഇലത്താളം കൊട്ടിയാണ് ആദ്യം പങ്കാളിയായത്. പിന്നീട് വലംതലയിലേക്ക് മാറി. ഇക്കുറി 15 പേരടങ്ങുന്ന മുൻനിരയിൽ കാർത്തികുണ്ടാകും. തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഇരിങ്ങാലക്കുട തുടങ്ങിയ പ്രധാന പൂരങ്ങളിലും ഉത്സവങ്ങളിലും മേളത്തിന്റെ ഭാഗമാകാൻ കാർത്തിക്കിന് കഴിഞ്ഞു.
കേളത്തിന് പകരം
ഇലഞ്ഞിത്തറ മേളത്തിൽ നിന്ന് കേളത്ത് അരവിന്ദാക്ഷൻ മാരാർ വിട്ടുനിൽക്കുമ്പോൾ മുൻനിരയിലെ പതിനഞ്ചാമനായി കാർത്തിക് പി. മാരാരെത്തും. പതിറ്റാണ്ടുകളായി ഇലഞ്ഞിത്തറ മേളത്തിൽ കുട്ടൻമാരാരുടെ വലംകൈയായി കേളത്ത് അരവിന്ദാക്ഷൻ മാരാരുണ്ടായിരുന്നു. മേളം മുറുകുമ്പോഴും ആവേശം ഉച്ചകോടിയിലെത്തുമ്പോഴും കേളത്തിന്റെ താളഭാവങ്ങൾ മേളപ്രേമികളെ ഹരംകൊള്ളിച്ചിരുന്നു. പതിനഞ്ച് പേരടങ്ങുന്ന മുൻനിരയിൽ (ഉരുട്ടുചെണ്ട) കുട്ടൻമാരാരുടെ വലത് വശത്തായിരുന്നു കേളത്തിന്റെ സ്ഥാനം. പ്രായാധിക്യം കാരണം ഇക്കുറി ഉണ്ടാകില്ലെന്ന് അറിയിച്ച കേളത്തിന് പകരം ആരെത്തും എന്ന് ചോദ്യത്തിന് ഉത്തരമായി.
40 വർഷം മുമ്പ് അച്ഛൻ തന്ന ചെണ്ടയിൽ വണങ്ങിയാണ് ഓരോ മേളത്തിനും മനസും ശരീരവും തയ്യാറാക്കുന്നത്. പാരമ്പര്യമായി കലാകുടുംബം ആയതിനാൽ ഇത്തരം വസ്തുക്കൾ സംരക്ഷിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലാണ്. ഇടയ്ക്ക് അച്ഛന്റെ ചെണ്ടയിൽ മേളം കൊട്ടും. വലംതലയിലെയും ഇടംതലയിലെയും ശബ്ദം ക്രമപ്പെടുത്തി സൂക്ഷിച്ചുവയ്ക്കും.
- പെരുവനം കുട്ടൻമാരാർ