ezhunnelli
പറക്കോട്ടുകാവ് താലപ്പൊലയോടനുബന്ധിച്ചുള്ള കൂട്ട എഴുന്നള്ളിപ്പ്.

തിരുവില്വാമല: ആചാരത്തനിമ ചോർന്നുപോവാതെ ഭക്തിയുടെയും വിശ്വാസത്തിന്റെയും ചുവടിലൂന്നി പൂരപ്പൊലിമയോടെ പറക്കോട്ടുകാവ് താലപ്പൊലി ആഘോഷിച്ചു. മഹാമാരിക്ക് അയവ് വന്ന ശേഷം ലഭിച്ച അവസരം ഓരോ ദേശവും ഉത്സവം ഏറ്റവും മികവുറ്റതാക്കി. ഇന്നലെ രാവിലെ ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വടക്കെകൂട്ടാല ക്ഷേത്രത്തിൽ നിന്നും വില്വാദ്രിനാഥനെ വണങ്ങാനായുള്ള ഭഗവതിയുടെ എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ മല്ലശ്ശേരി കാവിൽ നിന്നും കിഴക്കുമുറി ദേശത്തിന്റെയും മന്നത്ത് ക്ഷേത്രത്തിൽ നിന്നും പാമ്പാടി ദേശത്തിന്റെയും കൊച്ചുപറക്കോട്ട് കാവിൽ നിന്നും പടിഞ്ഞാറ്റുമുറി ദേശത്തിന്റെയും വേലകൾ പ്രഗത്ഭരായ കലാകാരൻമാരുടെ വാദ്യമേളത്തോടെയും തലയെടുപ്പുളള ഗജവീരന്മാരുടെ അകമ്പടിയോടെയുമാണ് വേലയെത്തിയത്. വിവിധ വേലകൾക്കൊപ്പം അനുഷ്ഠാന കലാരൂപങ്ങളുടെ സംഗമ വേദിയായി ക്ഷേത്ര പരിസരം. പറക്കോട്ടുകാവ് താലപ്പൊലിപ്പാറയിൽ ആകമാനം പുരുഷാരം നിറഞ്ഞപ്പോൾ മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള പെരുക്കവും തലയെടുപ്പുള്ള പത്തൊൻപത് ഗജവീരൻമാരുടെ കൂട്ടി എഴുന്നള്ളിപ്പും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യ ശ്രവ്യ വിസ്മയം തീർത്തു. രാത്രിയിൽ കിഴക്കുമുറി ദേശം ചെറുതൃക്കോവിൽ പാടത്തും പാമ്പാടി ദേശവും പടിഞ്ഞാറ്റുമുറി ദേശവും മലാറപാടത്തു വച്ചും കരിമരുന്നിൽ വിസ്മയം തീർത്തു