വടക്കാഞ്ചേരി: വരവൂർ വ്യവസായ പാർക്കിൽ സംരംഭകർക്ക് സ്ഥലം അനുവദിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. പ്രകൃതി സൗഹൃദ സംരഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. 6.50 കോടി രൂപ ചെലവിൽ നിക്ഷേപകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ള സ്ഥലമാണ് വ്യവസായ വകുപ്പ് അനുവദിക്കുന്നത്. പാർക്കിന്റെ പ്രാരംഭഘട്ടത്തിൽ 40 കോടി രൂപയുടെ നിക്ഷേപവും 600 പേർക്ക് തൊഴിലവസരവും സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. പുതിയ സംരംഭകർക്ക് ഭൂമിയുടെ ലഭ്യത കുറവായി വരുന്ന സാഹചര്യത്തിൽ വ്യവസായ വകുപ്പിന്റെ ഈ പാർക്ക് ഏറെ സഹായമാകുമെന്നാണ് വിലയിരുത്തൽ. 1.94 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ പാ‌ർക്കിനുള്ള ഭൂമി ഏറ്റെടുത്തത്. കിറ്റ്‌കോയ്കാണ് പാർക്കിന്റെ നിർമ്മാണ ചുമതല. റോഡ്, വൈദ്യുതി വിതരണം, ജല വിതരണം എന്നിവ പൂർത്തിയായി. ഓൺലൈനായി അപേക്ഷ ക്ഷണിച്ച് കൂടികാഴ്ചയ്ക്ക് ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.