വടക്കാഞ്ചേരി: കഴിഞ്ഞ 54 വർഷമായി സി.പി.എമ്മിൽ പ്രവർത്തിച്ച സി.പി.എം നേതാവും കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ. അബൂബക്കർ പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ കോർപറേറ്റുകൾക്കൊപ്പമാണെന്നും കഴിഞ്ഞ 10 വർഷത്തെ നേതാക്കളുടെ ആസ്തി പരിശോധിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും അദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടിയുമായി സഹകരിച്ച് പോകാൻ കഴിയാത്തതിനാലാണ് രാജിയെന്ന് അബൂബക്കർ കോൺഗ്രസ് നൽകിയ സ്വീകരണ യോഗത്തിൽ പറഞ്ഞു. രമ്യ ഹരിദാസ് എം.പി കോൺഗ്രസ് മെമ്പർഷിപ്പ് കൊടുത്ത് സ്വീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ, ഷാഹിദ റഹിമാൻ, ജിജോ കുരിയൻ, പി.എൻ. വൈശാഖ്, എ.എസ്. ഹംസ എന്നിവർ പങ്കെടുത്തു.