കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വഴി വിളക്ക് സ്ഥാപിക്കുന്നതിന് അബ്ദുൾ ലത്തീഫ് സ്മൃതി സമിതി നടത്തിവരുന്ന സത്യഗ്രഹം ഞായറാഴ്ച 111 ദിവസം പിന്നിട്ടു. ദേശീയപാത അതോറിറ്റിക്ക് കൈമാറിയതിനാൽ നഗരസഭക്ക് അതോറിറ്റിയുടെ അനുവാദമില്ലാതെ ലൈറ്റിടാനാകില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ ദേശീയ പാത 66 കടന്നുപോകുന്ന മരട്, കോട്ടക്കൽ നഗരസഭകൾ ഏറ്റടുക്കലിന് ശേഷം സമീപകാലത്ത് വഴിവിളക്കുകൾ തെളിച്ചതായി സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മാത്രമല്ല കൊടുങ്ങല്ലൂർ നഗരസഭയിലെ ചില കൗൺസിലർമാർ തന്നെ അവരുടെ വാർഡുകളുടെ ഭാഗത്ത് ബൈപാസ് സർവീസ് റോഡിൽ ഏതാനും വിളക്കുകൾ സ്ഥാപിച്ചതും, മോട്ടോർ വാഹന വകുപ്പ് പ്രധാന റോഡിൽ കാമറകൾ സ്ഥാപിച്ചതും ദേശീയപാതാ അധികൃതരുടെ അനുവാദത്തോടെയല്ലെന്നും ഭാരവാഹികൾ പറഞ്ഞു. 111-ാം ദിന സത്യഗ്രഹത്തിൽ പനങ്ങാട് കെയർ ആർമി പ്രവർത്തകർ സത്യഗ്രഹികളായി. കെ.ആർ. നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിംനാസ് പൊന്നകത്ത് അദ്ധ്യക്ഷനായി. ഇ.കെ. സോമൻ, നെജു ഇസ്മയിൽ, മൊയ്തീൻ എടച്ചാൽ, കെ.എസ്. സുഫിയാൻ, ടി.എസ്. മുഹമ്മദ് റയാൻ, പി.എസ്. സഫ്‌വാൻ, മിനി ശശികുമാർ എന്നിവർ പങ്കെടുത്തു.