തൃശൂർ: തൃശൂർ പൂരത്തിന് ഒരു വിഭാഗം ക്ഷേത്ര സമിതിക്കാരുടെ സ്‌പെഷ്യൽ കുടയിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് സാംസ്‌കാരിക നഗരിക്ക് അപമാനമെന്ന് എ.ഐ.വൈ.എഫ്. രണ്ട് വർഷങ്ങൾക്കു ശേഷം തൃശൂരിലെ ജനങ്ങൾ നെഞ്ചോട് ചേർത്തു പിടിച്ച് ആഘോഷിക്കുന്ന തൃർശൂർ പൂരത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ പൊതുജനം തള്ളിക്കളയും. സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയെ ഒറ്റുകൊടുത്ത സവർക്കറെ സാമൂഹിക പരിഷ്‌കർത്താക്കൾക്കൊപ്പം ഉൾപ്പെടുത്തി സാംസ്‌കാരിക നഗരത്തെ അപമാനിക്കുന്ന പ്രവൃത്തിയാണ് ദേവസ്വം ചെയ്തത്. ഇത് സാമൂഹിക പരിഷ്‌കർത്താക്കളെ അപമാനിക്കുന്നതിനു തുല്യമാണ് എന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ സെക്രട്ടറി പ്രസാദ് പറേരി എന്നിവർ അഭിപ്രായപ്പെട്ടു.