
തൃശൂർ : തട്ടകങ്ങളെ ആവേശ തിമിർപ്പിലാക്കി വൻജനാവലിയോടെ നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥനെ വണങ്ങി തെക്കെ ഗോപുരനട തുറന്ന് പൂരവിളംബരമറിയിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ നിന്ന് എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് പൂരനഗരിയിലെത്തിയത്.
കിഴക്കൂട്ട് അനിയൻ മാരാരുടെ മേളവും അകമ്പടിയായി. കഴിഞ്ഞവർഷം നിയന്ത്രണങ്ങളോടെയായിരുന്നു പൂരവിളംബരം. എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ നെയ്തലക്കാവിലമ്മയ്ക്ക് ഒപ്പവും തെക്കേ ഗോപുരനടയിലും ആയിരങ്ങളാണെത്തിയത്. സ്വരാജ് റൗണ്ടിലൂടെ വന്ന് മണികണ്ഠനാൽ വഴി ശ്രീമൂലസ്ഥാനത്ത് കയറി മേളം കൊട്ടിക്കലാശിച്ച ശേഷമാണ് വടക്കുന്നാഥനിലേക്ക് പ്രവേശിച്ചത്. തുടർന്ന് വലം വച്ച ശേഷം ഉച്ചയ്ക്കാണ് തെക്കേ ഗോപുര നടയിലെത്തി ശംഖ് വിളിച്ച് വാതിൽ തുറന്നത്.
ഈ സമയം ദേവസ്വം പറ നിറച്ച് സ്വീകരിച്ചു. ദേവസ്വം ശിവകുമാർ വാതിൽ തുറന്ന് പുറത്തുവന്നതോടെ ചൂടിനെ വകവെയ്ക്കാതെയെത്തിയ ആയിരങ്ങൾ ആരവം മുഴക്കി എതിരേറ്റു. തുടർന്ന് തെക്കോട്ടിറങ്ങി മൈതാനത്തിലൂടെ വീണ്ടും ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിലെത്തിയാണ് പൂരവിളംബരം നടത്തിയത്. അടിയന്തര മാരാർ മൂന്ന് തവണ ശംഖ് മുഴക്കിയതോടെ തിടമ്പേറ്റിയ കൊമ്പൻ മൂന്ന് തവണ വടക്കുന്നാഥനെ നോക്കി തുമ്പി ഉയർത്തിയതോടെ ചടങ്ങ് പൂർത്തിയാക്കി ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചുപോയി.
ഇന്ന് രാവിലെ വീണ്ടും പൂരത്തിൽ പങ്കെടുക്കാനായി നെയ്തലക്കാവ് ഭഗവതി വീണ്ടുമെത്തും. രണ്ടാം തവണയാണ് എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറക്കുന്നത്. ഇന്ന് വെയിൽ പരക്കും മുമ്പ് കണിമംഗലം ശാസ്താവ് കുളശേരി ക്ഷേത്രത്തിൽ ഇറക്കി പൂജ കഴിഞ്ഞാണ് പൂരത്തിൽ പങ്കെടുക്കുന്ന ആദ്യ ദേവനായി തെക്കേ ഗോപുര നടയിലൂടെ വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.
പൂരനഗരി പുകയിലരഹിത മേഖല
തൃശൂർ: പൂരനഗരിയിൽ പുകവലി നിയന്ത്രണം ഏർപ്പെടുത്തി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്റു പാർക്ക്, പൂരം പ്രദർശനമൈതാനം, തൃശൂർ റൗണ്ട് എന്നീ സ്ഥലങ്ങളിൽ പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പ്രദർശന നഗരിയുടെ 500 മീറ്റർ ചുറ്റളവിൽ 13 വരെ പുകയില നിരോധിത മേഖലയായി പ്രഖ്യാപിച്ചു.