madathil

തൃശൂർ : രാവിലെ മുതൽ നാളെ ഉപചാരം ചൊല്ലി പിരിയുന്നത് വരെ ഇടതടവില്ലാതെ കൊട്ടിക്കയറുന്ന താളവട്ടങ്ങൾ.

ഘടകപൂരങ്ങളുടെയും പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ആ സിംഫണിക്ക് കാതോർക്കുകയാണ്

ആസ്വാദകർ. ആകാശവട്ടത്തിലേക്ക് കൈകളെറിഞ്ഞ്, തോളിൽ കിടക്കുന്ന മേൽമുണ്ട് ചുഴറ്റി വീശി നാദപ്രപഞ്ചത്തിന് ചെവി രണ്ടും സമർപ്പിക്കാനാണവരെത്തുക.

പൂരത്തിലെ മേളവും പഞ്ചവാദ്യവും ഒരു ഹരമാണ്. രാവിലെ പതിനൊന്നരയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ആദ്യതാളം വീഴുക. തിമിലയുടെ നിരയിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ കോങ്ങാട് മധുവിന്റെ നാലുപതിറ്റാണ്ടിന്റെ അനുഭവ പുണ്യം കൊട്ടിക്കേറുമ്പോൾ കൂടെ കൊട്ടാൻ നല്ലേപ്പിള്ളി കുട്ടൻ, കരിയന്നൂർ നാരായണൻ, നല്ലേപ്പിള്ളി അനിയൻ, പല്ലാവൂർ ശ്രീധരൻ, തൃപ്രയാർ രമേശ്, തൃപ്രയാർ മഹേഷ് എന്നിവരുടെ നീണ്ട നിരയുണ്ട്. ചെർപ്പുളശേരി ശിവനും കോട്ടയ്ക്കൽ രവിയും നയിക്കുന്ന മദ്ദള നിരയും പ്രശസ്തമാണ്. തിച്ചൂർ മോഹനനും സംഘവും നയിക്കുന്ന ഇടയ്ക്കയുടെ സൗന്ദര്യം നിറഞ്ഞൊഴുകുമ്പോൾ കൊമ്പിന് മഠത്തിലാത്ത് മണികണ്ഠനും താളത്തിന് ചേലക്കര സൂര്യനും കൂട്ടരും നിറഞ്ഞുനിൽക്കും.

പൂരത്തിൽ ഷഷ്ഠി പൂർത്തി നിറവിൽ കിഴക്കൂട്ട്

പുരുഷാരത്തെ തുള്ളിക്കളിപ്പിച്ച് പാണ്ടിയിൽ വിസ്മയം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് കിഴക്കൂട്ട് അനിയൻ മാരാർ. കഴിഞ്ഞ വർഷവും പൂരത്തിന് കൊട്ടിയെങ്കിലും ആസ്വാദകരുടെ എണ്ണം പരിമിതമായിരുന്നു. എന്നാൽ പൂരത്തിൽ തന്റെ ഷഷ്ഠിപൂർത്തി തികയ്ക്കുന്ന കിഴക്കൂട്ട് ആസ്വാദകർക്ക് മേള വിരുന്ന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ചേരാനെല്ലൂർ ശങ്കരൻകുട്ടിയും ചെറുശേരി കുട്ടനും, കക്കാട് രാജപ്പനും കൂട്ടായി നിൽക്കുമ്പോൾ തിരുവമ്പാടിയുടെ മേളം 'പൊരിക്കും'.

ഇലഞ്ഞിത്തറയിൽ 'പാണ്ടിപ്പട' ഒരുങ്ങി

ഇലഞ്ഞിത്തറയിൽ പാണ്ടിയുടെ സൗരഭ്യം വിടർത്താൻ പെരുവനവും കൂട്ടരും ഒരുങ്ങി. പാറമേക്കാവ് ഭഗവതി ഇന്ന് ഉച്ചയ്ക്ക് പതിനഞ്ച് ആനകളോടെ എഴുന്നള്ളി ചെമ്പടകൊട്ടി വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം വഴി കടന്ന് പടിഞ്ഞാറെ നടയിലെത്തും. പെരുവനം കുട്ടൻമാരാരും സംഘവും ഇലഞ്ഞിച്ചോട്ടിൽ നിരന്നാൽ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴയാണ്. അസുരവാദ്യത്തിന്റെ വന്യമായ ശബ്ദസൗന്ദര്യം ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുക. രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെ തുടങ്ങി ഒന്നൊന്നായി കാലം കടന്ന് കുഴമറിയും മുട്ടിന്മേൽ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോൾ കൂടി നിൽക്കുന്നവർ ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടും. 1977ൽ ആയിരുന്നു മേളക്കാരനെന്ന നിലയിൽ തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. 1999ൽ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി.

രാത്രി പഞ്ചവാദ്യം കൊഴുപ്പിക്കാൻ തങ്കപ്പൻ മാരാർ

തീവെട്ടി ശോഭയിൽ തിളങ്ങുന്ന രാത്രി പൂരത്തിലെ പാറമേക്കാവ് പഞ്ചവാദ്യത്തിന് ഇത്തവണയും പരയ്ക്കാട് തങ്കപ്പൻ മാരാരും സംഘവുമാണ് അണിനിരക്കുക. വൈക്കം ചന്ദ്രൻ, ചോറ്റാനിക്കര നന്ദപ്പൻ, രാമമംഗലം അജിതൻ എന്നിവർ തിമിലയിലും കുനിശേരി ചന്ദ്രൻ, കലാമണ്ഡലം കുട്ടിനാരായണൻ, പെരിങ്ങോട് ഉണ്ണിക്കൃഷ്ണനും സംഘവും മദ്ദളത്തിലും ഉണ്ടാകും.