കൊടുങ്ങല്ലൂർ: നഗരസഭയിലെ ഇടതുപക്ഷ ഭരണസമിതിക്കെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ ചെയർപേഴ്സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർക്കെതിരെയാണ് നഗരകാര്യ റീജ്യണൽ ഡയറക്ടർക്ക് ബി.ജെ.പി നേതാക്കൾ തിങ്കളാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, രശ്മി ബാബു, ടി.ഡി. വെങ്കിടേശ്വരൻ, ശാലിനി വെങ്കിടേഷ്, കെ.എസ്. ശിവറാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊണ്ടുവന്ന പ്രമേയത്തിന് രണ്ടാംവട്ടവും ചെയർപേഴ്സൺ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബി.ജെ.പി തീരുമാനിച്ചത്.
നഗരസഭാ കൗൺസിൽ ഭരണസമിതി നിരന്തരം അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നതായി ആരോപിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. 44 അംഗ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് 22 കൗൺസിലർമാരും ബി.ജെ.പിക്ക് 21 കൗൺസിലർമാരുമാണുള്ളത്.
കോൺഗ്രസിന്റെ ഏക കൗൺസിലറുടെ നിലപാട് നിർണായകമാകും. ബൈപാസിൽ വഴിവിളക്ക് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ താൻ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അത് ഇടതുഭരണം അവസാനിക്കുന്നതിന് ഇടവരുത്തുമെന്നും ഏക കോൺഗ്രസ് അംഗവും മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ വി.എം ജോണി നേരത്തെ വ്യക്തമാക്കിയിരുന്നു.
വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ ലത്തീഫ് സ്മൃതി മുനിസിപ്പൽ ഓഫീസിനു മുമ്പിൽ നടത്തിയ സത്യഗ്രഹത്തിൽ പ്രസംഗിക്കവേയാണ് വി.എം. ജോണി തന്റെ നിലപാട് ഏപ്രിൽ 27ന് വ്യക്തമാക്കിയത്. വി.എം. ജോണിയുടെ പ്രസ്താവനയാണ് ബി.ജെ.പിക്ക് അവിശ്വാസ പ്രമേയത്തിന് കരുത്ത് പകർന്നതെന്ന് കരുതുന്നു.
കൊടുങ്ങല്ലൂർ നഗരസഭ
വഴിവിളക്ക് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ പിന്തുണയ്ക്കും, ഇത് ഇടതുഭരണം അവസാനിക്കുന്നതിന് ഇടവരുത്തും.
- വി.എം. ജോണി (കോൺഗ്രസ് അംഗം)