ബ്ലോക്ക് തല ആരോഗ്യമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.
പുതുക്കാട്: ജീവിത ശൈലീ രോഗങ്ങൾ തിട്ടപ്പെടുത്താനുള്ള ആരോഗ്യ സർവേ സംസ്ഥാന തലത്തിൽ ഉടനെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോർജ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്ക് തല ആരോഗ്യമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, എക്‌സിബിഷൻ എന്നിവ ടി.എൻ. പ്രതാപൻ എം.പി, കെ.കെ. രാമചന്ദ്രൻ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തിന്റെ ഭാഗമായാണ് ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സർക്കാരിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും ജനങ്ങളിൽ അവബോധം വളർത്തിയെടുക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
പുതുക്കാട് എം.എൽ.എ ക്യാമ്പ് ഓഫീസ്പരിസരത്ത് നിന്നാരംഭിച്ച റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടനത്തിനു ശേഷം വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, പ്രിൻസൺ തയ്യാലക്കൽ, അശ്വതി വി.ബി, അമ്പിളി സേമാൻ, സൈമൺ നമ്പാടൻ, ഇ.കെ. അനൂപ്, അജിത സുധാകരൻ, എം. മനോജ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.ആർ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
9 പുതിയ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 9 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. വെങ്ങിണിശ്ശേരി, കൈതയ്ക്കൽ, എടക്കഴിയൂർ, കട്ടപ്പുറം, പള്ളിക്കുന്ന്, കാഞ്ഞിരപ്പിള്ളി, പോർക്കുളം, മുനയ്ക്കൽ, ആർത്താറ്റ് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി ഓൺലൈനായി നിർവഹിച്ചത്. കുത്തിവയ്പ്പുകൾ, മാർഗങ്ങൾ, ജീവിത ശൈലീരോഗ നിർണയ ക്യാമ്പ്, ഗർഭിണികൾക്കുള്ള ക്ലിനിക്ക്, കൗമാര പ്രായക്കാർക്കുള്ള ആരോഗ്യ ക്ലിനിക്ക്, വയോധികർക്കുള്ള ക്ലിനിക്ക് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും.