ഗുരുവായൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ജലനടത്തം സംഘടിപ്പിച്ചു. വലിയതോട് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വലിയതോടിന്റെ കരകളിലുടെ പെരുമ്പിലാവിൽ പൂഴിക്കുന്നം റോഡ് ജംഗ്ഷൻ മുതൽ പടിഞ്ഞാറെനട മിനി മാർക്കറ്റ് വരെയാണ് ജലനടത്തം സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, സെക്രട്ടറി ബീന എസ്. കുമാർ, മുനിസിപ്പൽ എൻജിനിയർ ഇ. ലീല, കൗൺസിലർമാർ, നഗരസഭാ സി.ഡി.എസ് ചെയർപേഴ്‌സൺമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ കാമ്പയിനിൽ പങ്കാളികളായി. നടത്തത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളിലും നഗരസഭ പരിധിയിലെ വിവിധ നീർച്ചാലുകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ ശൂചീകരിക്കുന്നതിനുളള ബൃഹത്ത് ശുചീകരണ യജ്ഞം നാളെ മുതൽ വലിയതോട് പരിസരത്ത് നിന്നും ആരംഭിക്കും.