ചേലക്കര: വിശപ്പുരഹിതം നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി ചേലക്കരയിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. രാവിലെ 9.30 ന് ചേലക്കര പാലസ് റോഡിൽ പട്ടികജാതി സഹകരണ സംഘം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വച്ച് മന്ത്രി കെ. രാധാകൃഷ്ണൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കും. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അദ്ധ്യക്ഷത വഹിക്കും. ചേലക്കര പഞ്ചായത്തും വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്കും കൈകോർത്താണ് സുഭിക്ഷാ ഹോട്ടൽ യാഥാർത്ഥ്യമാക്കുന്നത്. 60 ഓളം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്.കെ, വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. മനോജ് കുമാർ, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് പ്രേമദാസ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം നിത്യ തേലക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.