ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം ആരോഗ്യകാര്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.
ചാലക്കുടി: ആരോഗ്യ മേഖലയിലെ എല്ലാവിധ പ്രത്യേക ചികിത്സാ സൗകര്യങ്ങളും വികേന്ദ്രീകരിച്ച് പ്രാഥമിക മേഖലയിലേക്ക് എത്തിക്കുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ തുടർച്ചായാണിത്. കുഷ്ഠം, ക്ഷയം തുടങ്ങിയ മാരക രോഗങ്ങളെ 2025ൽ കേരളത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യുകയാണ് ലക്ഷ്യം. ഇന്നസെന്റ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ട്രോമാകെയർ സംവിധാനം ആശുപത്രിയിൽ പ്രവർത്തനക്ഷമമാക്കാൻ ഉടൻ നടപടിയുണ്ടാകും. തൃശൂർ പൂരം കഴിഞ്ഞാൽ അടുത്ത ദിവസം ഇതിനുവേണ്ടി യോഗം വിളിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകും. അതിരപ്പിള്ളി പഞ്ചായത്തിലെ 108 ആംബുലൻസിന്റെ പ്രവർത്തനം വീണ്ടും 24 മണിക്കൂറാക്കുമെന്നും മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി. സി.എസ്.എസ്.ഡി, പീഡിയാട്രിക് ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ജോർജ് നിർവഹിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ സോണൽ ഹെഡ് ബിജോയ് തറയിൽ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ അഡ്വ. ബിജു എസ്. ചിറയത്ത്, നിതാപോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വാർഡ് കൗണ്‌സിലർ വി.ജെ. ജോജി, ആരോഗ്യ വകുപ്പ് ഡയറക്ടർ വി. ആർ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, ആശുപത്രി സൂപ്രണ്ട്് ഡോ. എൻ.എ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.