തൃശൂർ: പൂരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ കാലം പങ്കെടുത്ത ശങ്കരംകുളങ്ങര മണികണ്ഠന് പൂരനഗരിയിൽ ആദരം. തിരുവമ്പാടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശ്രീമൂല സ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ചത്. തൃശൂർ പൂരത്തിൽ ഏറ്റവും കൂടുതൽ കാലം എഴുന്നള്ളിച്ച ആനയാണ് മണികണ്ഠൻ. തിരുവമ്പാടി വിഭാഗത്തിന് മാത്രമേ എഴുന്നള്ളിപ്പിൽ പങ്കെടുത്തിട്ടുള്ളൂ എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ രണ്ടു വർഷമായി തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് പോകുമ്പോൾ തിടമ്പേറ്റുന്നത് മണികണ്ഠൻ ആണ്. ഇന്നലെ നടന്ന ചടങ്ങിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ മുദ്ര അണിയിച്ചു. മൂന്നാം വയസിലാണ് നിലമ്പൂർ കാട്ടിൽ നിന്ന് മണികണ്ഠനെ ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ കൊണ്ടുവന്നത്.