health
നവീകരിച്ച കട്ടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊരട്ടി: പഞ്ചായത്തിലെ നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന കട്ടപ്പുറം ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നവീകരിച്ച കെട്ടിടം മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി. നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ലഭിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു കെട്ടിട നവീകരണം. മാതൃശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പ്, കുടുംബാസൂത്രണ മാർഗങ്ങൾ, ജീവിത ശൈലി രോഗനിർണയ ക്ലിനിക്, ഗർഭിണികൾക്കും വയോജനങ്ങൾക്കും കൗമാരക്കാർക്കും പ്രത്യേകം ക്ലിനിക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ നൈനു റിച്ചു, ചാക്കപ്പൻ പോൾ, വർഗീസ് തച്ചുപറമ്പൻ, ലിജോ ജോസ്, പി.ജി. സത്യപാലൻ, ബിജി സുരേഷ്, ജെയ്‌നി ജോഷി, പി.എസ്. സുമേഷ്, വർഗീസ് പയ്യപ്പിള്ളി, മെഡിക്കൽ ഓഫീസർ ഡോ. സിജി പോൾ, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ പ്രസംഗിച്ചു.