കൊടുങ്ങല്ലൂർ: അടഞ്ഞുകിടന്ന വീട് കത്തിനശിച്ചു. കൊടുങ്ങല്ലൂർ സി.ഐ ഓഫീസിന്റെ പടിഞ്ഞാറ് വശം ലോകമലേശ്വരം ഭരത് നഗർ താണിക്കപറമ്പിൽ ശാന്തയുടെ വീടാണ് കത്തിനശിച്ചത്. തീപിടിത്തത്തിൽ അടുക്കളയും റഫ്രിജറേറ്റർ, ഫാൻ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ പൂണമായും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്തതിനു ശേഷം അടുപ്പിന് മുകളിൽ കയറ്റിവച്ചിരുന്ന വിറക് പുകഞ്ഞ് കത്തിയാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു. ഈ സമയം ശാന്ത വീട് പൂട്ടി പുറത്ത് പോയിരിക്കുകയായിരുന്നു. അയൽവാസികളാണ് തീപിടിച്ചത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്‌സ് എത്തി തീയണച്ചു.