കൊടുങ്ങല്ലൂർ: പരേതയുടെ വ്യാജ ഒപ്പിട്ട് തൊഴിലുറപ്പ് കൂലി തട്ടിയെടുത്തതായി പരാതി. ശ്രീനാരായണപുരം പഞ്ചായത്തിലെ സി.ഡി.എസ് മെമ്പറായ സിന്ധു ശശിക്കെതിരെയാണ് മതിലകം പൊലീസിലും ശ്രീനാരായണപുരം പഞ്ചായത്തിലും പരാതി ലഭിച്ചത്. ശ്രീനാരായണപുരം പഞ്ചായത്തിലെ 18-ാം വാർഡിലാണ് തട്ടിപ്പ് നടത്തിയത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്ന കാതക്കോടത്ത് ദേവയാനി ഒരുവർഷക്കാലം രോഗബാധിതയായി പണിക്ക് പോകാൻ കഴിയാതെ കിടപ്പിലായിരുന്നു. കഴിഞ്ഞ മാർച്ച് 19ന് ദേവയാനി മരിച്ചു. വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്നും കൂലി തട്ടിയെടുത്തുവെന്ന് ആരോപിച്ച് ദേവയാനിയുടെ സഹോദരിയായ ലളിത ഷാജി ശ്രീനാരായണപുരം പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായി കണ്ടെത്തി. ഏകദേശം 30,000 രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് സൂചന. സിന്ധു ഉൾപ്പെടെ ഈ കാലയളവിൽ നാല് പേർ സൂപ്പർവൈസർമാരായി ജോലി നോക്കിയിരുന്നു. ഇവരെ സ്ഥിരമായി മാറ്റി നിറുത്താതിരിക്കാൻ കാരണം കാണിക്കലും താത്കാലികമായി സസ്‌പെന്റ് ചെയ്തുകൊണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.
സർക്കാരിന് വരുത്തിയിട്ടുള്ള നഷ്ടം ഉത്തരവാദപ്പെട്ടവരിൽ നിന്നു തിരിച്ചു പിടിക്കുന്നതിന് നടപടി സ്വീകരിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എം.എസ്. മോഹനൻ
പഞ്ചായത്ത് പ്രസിഡന്റ്