mmmmഅപകട ഭീഷണി ഉയർത്തുന്ന അന്തിക്കാട് കല്ലിട വഴി റോഡ്.

അന്തിക്കാട് കല്ലിടവഴി റോഡിൽ വെള്ളക്കെട്ട്

അന്തിക്കാട്: കനത്ത മഴയിൽ കല്ലിട വഴി റോഡിൽ വെള്ളം നിറഞ്ഞത് അപകടക്കെണിയായി. റോഡിന് മുകളിൽ അരയടിയോളമാണ് വെളളം കെട്ടി നിൽക്കുന്നത്. റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ ഗർത്തത്തിന്റെ ആഴമറിയാതെ ജനങ്ങൾ കുഴിയിലേക്ക് വീഴുന്ന സ്ഥിതിയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. റോഡിന് ഇരുവശവും കാനകളില്ലാത്തതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം ശരീരം പാതി തളർന്ന അരിമ്പൂർ എറവ് സ്വദേശി മാരാൺ വീട്ടിൽ സന്തോഷിനെ ഭാര്യ മീര ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അപകടം സംഭവിച്ചിരുന്നു. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ദിവസവും ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ ഇതുവഴി യാത്ര ചെയ്യുന്നവരെല്ലാം പല തരത്തിൽ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു. പതീറ്റാണ്ടുകളായി ഈ റോഡ് അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയാണെന്നും ആക്ഷേപമുണ്ട്. റോഡ് ഉയർത്തി കാന നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.