സുഭിക്ഷ കേരളം പദ്ധതി

കൊടുങ്ങല്ലൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ണിലിറങ്ങിയ സി.പി.എം നേതാവിന്റെ കൃഷിയിടത്തിൽ അതിശയിപ്പിക്കുന്ന വിളവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ചന്ദ്രശേഖരനാണ് കുളിമുട്ടം എമ്മാടുള്ള വീട്ടുവളപ്പിലെ കൃഷിയിടത്തിൽ നൂറു മേനി വിളവെടുപ്പ് നടത്തിയത്. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പരിപാടിയുടെ അവസാനഘട്ട വിളവെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വീട്ടുവളപ്പിലെ 90 സെന്റിലായി ജൈവരീതിയിലാണ് കൃഷി നടത്തിയത്. നേരത്തെ മൂന്ന് തവണയായി വിളവെടുത്തിരുന്നു. ഒന്നര ടൺ പച്ചക്കറിയാണ് അവസാന ഘട്ടത്തിൽ ലഭിച്ചത്. ഒരു ടൺ മത്തങ്ങയും 500 ടൺ കുമ്പളങ്ങയുമാണ് വിളവെടുത്തത്. വടൂക്കര, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിനു കീഴിലുള്ള കടകളിലേക്കും നാട്ടുകാർക്കും പച്ചക്കറി വിൽപ്പനക്കായി നൽകി. നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പി.കെ. ചന്ദ്രശേഖരൻ കൃഷിയിറക്കിയത്. കർഷക സംഘം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ പയർ, പാവൽ, മത്ത, പടവലം, കുമ്പളം തുടങ്ങിയ വിത്തുകളാണ് വിതച്ചത്.