കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ ദേശീയപാത അധികൃതർ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജയും, വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം എൻ.എച്ചിനാണ്. എന്നാൽ ഇക്കാര്യം മറച്ചുവച്ച് കേന്ദ്ര സർക്കാരിനെയും, എൻ.എച്ചിനെയും സംരക്ഷിക്കുന്നതിന് നഗരസഭക്കെതിരെ കോൺഗ്രസും, ബി.ജെപിയും ചില സംഘടനയും സമരാഭാസം നടത്തുകയാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകും. ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ കഴിയില്ലെങ്കിൽ നഗരസഭയും മുസ്‌രിസ് പദ്ധതിയും തയ്യാറാക്കി സമർപ്പിച്ച മൂന്ന് 3.60 കോടി രൂപയുടെ ബൈപാസ് തെരുവുവിളക്ക് സൗന്ദര്യവത്കരണ പദ്ധതിക്ക് ദേശീയ പാത അധികൃതർ അനുമതി നൽകണം. നിർദ്ദിഷ്ഠ എലിവേറ്റഡ് ഹൈവേ ചന്തപ്പുര മുതൽ ചാലക്കുളം വരെ നീട്ടി നിർമ്മിക്കണമെന്നും ചെയർമാനും വൈസ് ചെയർമാനും ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എസ്. കൈസാബ്, ഷീല പണിക്കശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.