foto

തൃശൂർ: വാക്കിനെ മഹത്തായ ആശയമാക്കി, എന്നാൽ ലളിതമായി അഴീക്കോട് മാഷ് നടത്തിയ പ്രസംഗങ്ങൾ കൊടുങ്കാറ്റായി മാറുകയായിരുന്നുവെന്ന് അബ്ദുൾ സമദ് സമദാനി എം.പി. അഴീക്കോട് വിചാരം വാട്ട്‌സാപ്പ് കൂട്ടായ്മയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അഴീക്കോട് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴീക്കോടിന്റ പ്രസംഗങ്ങൾ അധികാരഗോപുരങ്ങളെപ്പോലും വിറകൊള്ളിച്ചിരുന്നു. അസമത്വവും അനീതിയും ഉള്ളിടത്തെല്ലാം ആ കൊടുങ്കാറ്റ് ആഞ്ഞുവീശിയെന്നും സമദാനി അഭിപ്രായപ്പെട്ടു. യോഗത്തിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജയരാജ് വാര്യർ അദ്ധ്യക്ഷനായി. കെ. രാജൻ മാസ്റ്റർ, പി.ഐ. സുരേഷ്ബാബു, ജോസ് തെക്കേത്തല, സുനിൽ കൈതവളപ്പിൽ, എ.പി. രാമചന്ദ്രൻ, പി.എ. രാധാകൃഷ്ണൻ, ഡോ. കെ. രാജേശ്വരി, സുകുമാരൻ ചിത്രസൗധം, എൻ. രാജഗോപാൽ എന്നിവർ സംസാരിച്ചു.

അഴീക്കോട് സ്മാരകപ്രസംഗമത്സര വിജയികൾക്കുള്ള കാഷ് പ്രൈസ് , സർട്ടിഫിക്കറ്റ് , ജീവചരിത്രഗ്രന്ഥം എന്നിവ ചടങ്ങിൽ സമദാനി സമ്മാനിച്ചു. ശേഷം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരുടെ പ്രസംഗങ്ങൾ സദസ്യർക്കു മുന്നിൽ അവതരിപ്പിച്ചു.