ചേലക്കര: പാഞ്ഞാൾ തോട്ടത്തിൽ മനയിൽ മഹാകിരാത രുദ്ര ശ്രീവിദ്യ ക്ഷേത്രപീഠത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന രുദ്രജ്ഞം ആരംഭിച്ചു. ഇന്നലെ കാലത്ത് അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മണയത്താറ്റ് ആര്യൻ നമ്പൂതിരി ധ്വജാരോഹണം നിർവഹിച്ചു. മഹാ കിരാത രുദ്ര യജ്ഞം തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മഹാ ശ്രീചക്ര പൂജയോടു കൂടി സർവൈശ്വര്യപൂജയ്ക്കും നേതൃത്വം നൽകി. സ്ത്രീകളുൾപ്പടെ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. കലാമണ്ഡലം രാമൻ ചാക്യാരുടെ ചാക്യാർ കൂത്തും വൈകീട്ട് കായംകുളം സപരി കമ്മ്യൂണിക്കേഷന്റെ ദൈവത്തിന്റെ പുസ്തകം നാടകവും അരങ്ങേറി. വെള്ളിയാഴ്ച രാവിലെ പൂജാരംഭങ്ങൾക്ക് തുടക്കമാകും. തുടർന്ന് വേട്ടേക്കാരന്റെ ഉച്ചപൂജ, ഉച്ചപ്പാട്ട്, തൃപ്പൂണിത്തറ വേണുശങ്കർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ഷൊർണ്ണൂർ സപര്യ സംഘം അവതരിപ്പിക്കുന്ന കൈക്കൊട്ടി കളിയും ഉച്ചതിരിഞ്ഞ് കാലാമണ്ഡലം ബാബു നമ്പൂതിരിയുടെ കഥകളി സംഗീത കച്ചേരിയും വൈകിട്ട് സംഗീത സംവിധായകർ രാഗേഷ് സ്വാമിനാഥൻ & ബിഷോയ് അനിയൻ നയിക്കുന്ന ബി.ജി.എം ബാന്റ്, മ്യൂസിക്കൽ ഫ്യൂഷനും നടക്കും. തുടർന്ന് വൈകിട്ട് 3 ന് ഗജവീരന്മാരുടെ അകമ്പടിയോടെ പെരിങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ വേട്ടേക്കാരന്റെ എഴുന്നളളിപ്പും നടക്കും. ശനിയാഴ്ച കാലത്ത് ചെർപ്പുളശ്ശേരി ശിവന്റെ നേതൃത്വത്തിൽ അഞ്ച് ഗജവീരന്മാരും പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പും നടക്കും. ഉച്ചതിരിഞ്ഞ് സർവശ്രീ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ത്രിപിൾ തായമ്പക വൈകിട്ട് പതിനായിരം നാളികേരമേറും നടക്കും. ഞായറാഴ്ച പുലർച്ചെ കൂറവലിക്കൽ ചടങ്ങോടുകൂടി മഹാകിരാത രുദ്ര യജ്ഞത്തിന് സമാപനമാകും.