ആൽഫ പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലിരിക്കെ മരണമടഞ്ഞവരെ ഓർമിക്കുന്ന ദൈനംദിന സ്‌നേഹാദര പ്രാർത്ഥനാ ചടങ്ങായ ഉപാസനയുടെ ഉദ്ഘാടനം സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കുന്നു.
എടമുട്ടം: ജീവിതവും മരണവും എക്കാലവും മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഹേളികയാണെങ്കിലും മരണത്തിനുശേഷവും ഓർമിക്കപ്പെടുന്നുണ്ടെന്നും ആദരിക്കപ്പെടുന്നുണ്ടെന്നും അറിയുന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും അഭിമാനബോധമുണ്ടാക്കുന്നതാണെന്ന് സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ആൽഫ പാലിയേറ്റീവ് കെയറിന് കീഴിൽ പരിചരണം ലഭിക്കേ മരണമടഞ്ഞവരെ ഓർമിക്കുന്ന ദൈനംദിന സ്‌നേഹാദര പ്രാർത്ഥനാ ചടങ്ങായ ഉപാസനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സത്യൻ അന്തിക്കാട്. മരണമടഞ്ഞവരുടെ ചിത്രങ്ങളിൽ കുടുംബാംഗങ്ങൾക്കും ആൽഫ പ്രവർത്തകർക്കുമൊപ്പം പുഷ്പാർച്ചന നടത്തിയതിനുശേഷമായിരുന്നു ഉദ്ഘാടനം. ആൽഫയിലെ പരിചരണത്തിനിടെ മരണമടഞ്ഞ 30,000ൽപരം ആളുകളുടെ ഓർമദിനങ്ങളാണ് മതേതരമായ പ്രാർത്ഥനാചടങ്ങുകളോടെ ആൽഫയുടെ എടമുട്ടം ഹോസ്പീസിൽ നടക്കുന്ന ഉപാസനയിൽ അതത് മരണവാർഷികദിനങ്ങളിൽ ആചരിക്കുന്നത്. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീൻ, കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ.തോംസൺ, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ വീനസ് തെക്കല, വി.ബി.ഷെരീഫ്, പി.ആർ.ഒ താഹിറ മുജീബ്, വിമല വേണുഗോപാൽ, ജലജകുമാരി തുടങ്ങിയവരും പങ്കെടുത്തു.