1
ശ്രീകുമാരൻ തമ്പി

തൃശൂർ: നാട്ടിക മണപ്പുറം സമീക്ഷയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാമു കാര്യാട്ട് സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി. ഫലകവും 25,000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ശ്രീകുമാരൻ തമ്പിക്ക് അവാർഡ് സമർപ്പിക്കും. ഡി.എം. പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിന് കഥാകാരിയും മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അസി. പ്രൊഫസറുമായ കെ. രേഖയും സി.കെ.ജി. വൈദ്യർ സാമൂഹിക സേവന പുരസ്‌കാരത്തിന് ആദിവാസി ദളിത് പ്രവർത്തക ധന്യ രാമനും അർഹരായി. ഫലകവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. കെ. രേഖയ്ക്ക് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി.ആർ. അജയനും ധന്യ രാമന് ചരിത്രകാരൻ വേലായുധൻ പണിക്കശേരിയും പുരസ്‌കാരങ്ങൾ സമ്മാനിക്കും. 21ന് ഉച്ചയ്ക്ക് 2.30ന് തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂളിലാണ് പുരസ്‌കാര സമ്മേളനമെന്ന് നാട്ടിക മണപ്പുറം സമീക്ഷ സെക്രട്ടറി വി.എൻ. രണദേവ്, പ്രസിഡന്റ് പ്രൊഫ ടി.ആർ. ഹാരി എന്നിവർ അറിയിച്ചു.