mmmmതകർന്ന കല്ലിടവഴിയിൽ താത്കാലിക യാത്രാ സൗകര്യമൊരുക്കുന്നു.

നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

അന്തിക്കാട്: കനത്ത മഴയിൽ വെള്ളം നിറഞ്ഞ് അപകടക്കെണിയായിരുന്ന കല്ലിടവഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചാരയോഗ്യമാക്കി. കാനകളില്ലാത്തത് മൂലം ഈ റോഡിലെ വെള്ളം ഒഴുകിപ്പോകാതെ കിടക്കുകയായിരുന്നു. താത്കാലികമായി ഇരുവശത്തും ജെ.സി.ബി ഉപയോഗിച്ച് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് സാദ്ധ്യമാക്കി. ഗർത്തങ്ങൾ നികത്താനുള്ള പ്രവൃത്തിയും ആരംഭിച്ചു. കഴിഞ്ഞ ദിവസം കല്ലിടവഴി റോഡിന്റെ ശോചനീയാവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് താത്കാലിക നടപടി.


കഴിഞ്ഞ ദിവസം ശരീരം പാതി തളർന്ന അരിമ്പൂർ എറവ് സ്വദേശി മാരാൺ വീട്ടിൽ സന്തോഷിനെ ഭാര്യ മീര ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അപകടം സംഭവിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഇവിടെ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. വെള്ളം കൃത്യമായി ഒഴുകിക്കളഞ്ഞ് റോഡ് ഉയർത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



മഴക്കാലം കഴിഞ്ഞാൽ റോഡ് ഉയർത്തി കാനനിർമ്മിച്ച് ആധുനിക രീതിയിൽ പുനർനിർമ്മിക്കും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ജ്യോതിരാമൻ
അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്