ചാലക്കുടി: വാകമരങ്ങളുടെ തലയെടുപ്പാൽ അനുഗ്രഹീതമാണ് ആളൂർ-കല്ലേറ്റുംകര റോഡ്. വസന്ത ഗ്രീഷ്മ കാലങ്ങളുടെ വളക്കൂറിൽ പൂത്തുലയുന്ന നിരവധി വാക മരങ്ങൾ റോഡിന്റെ ഇരുഭാഗങ്ങളിലും കാണാം. യാത്രക്കാരുടെ കണ്ണിന് കുളിർമ്മയും മനസിന് ആനന്ദവും പകർന്നുള്ള ഈ പൂക്കാടവടി മരങ്ങൾ പ്രസിദ്ധവുമാണ്. കല്ലേറ്റുംകര വാലപ്പൻപടിയിലെ മുത്തശ്ശി വാക ഇക്കുറിയും പൂത്തുലഞ്ഞ് നാട്ടുകാരുടെ വാത്സല്യം പിടിച്ചുപറ്റുന്നു. റോഡിലെ ഏറ്റവും വലിപ്പമേറിയ മരമാണിത്. കൂടുതൽ പൂക്കൾ വിടരുന്നതും ഇതിൽത്തന്നെ. കടും ചുവപ്പിനെ കൂടുതൽ ആകർഷണമാക്കി മഞ്ഞ നിറത്തിലും പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നു. കാറ്റിന്റെ തലോടലിൽ ആടിയുലയുന്ന വാകപ്പൂക്കളുടെ സൗരഭ്യത്തിൽ ആരും തെല്ല് ലയിച്ചുപോകും. മറ്റൊരു സേവനവും വാലപ്പൻപടിയിലെ വാകമരത്തിന്റെ ദൗത്യമാണെന്ന് പരിസരവാസികൾ പറയുന്നു. ഒട്ടനവധി ദേശാടന പക്ഷികൾ റെയിൽവേ സ്റ്റേഷന് തൊട്ടുള്ള മരത്തിൽ തമ്പടിക്കുന്നു. വേനലിൽ യാത്രക്കാർ വിശ്രമത്തിനും കൂറ്റൻ വാകമരത്തണലിൽ എത്തുന്നുണ്ട്.
പുലർകാലത്തെ പക്ഷികളുടെ കലപില ശബ്ദവും തത്തിപ്പറക്കലുമെല്ലാം അനുഭൂതിയുടെ നിത്യകാഴ്ചകളാണ്.
പാളയംകോട്ട് ഇബ്രാഹിം
(പരിസരത്തെ ചായക്കടയുടമ)