thunder-

തൃശൂർ: കേരളത്തിന്റെ തീരമേഖലയിൽ 'കൂമ്പാര മഴമേഘം' കൂടിവരുന്നത് മഴ രൂപീകരണം വേഗത്തിലാക്കുന്നതിനൊപ്പം മഴവെള്ളത്തിന്റെ അളവ് കൂട്ടുമെന്നുമുള്ള പഠനം പുറത്തുവന്നതോടെ ഈയാണ്ടിലും കാലവർഷം പെയ്തുതിമിർക്കുമെന്ന് കാലാവസ്ഥാ ഗവേഷകരും.
കേരളത്തിൽ ഇത്തരം മാറ്റം കാലാവസ്ഥ പ്രവചനാതീതമാക്കുകയും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യാമെന്നുമാണ് പറയുന്നത്. 'നേച്ചർ' മാഗസിന്റെ പോർട്ട്‌ഫോളിയോ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ളവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അറബിക്കടലിൽ തീരമേഖലയിലെ ഉപരിതല താപനിലയിലെ വർദ്ധനവും തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗവർദ്ധനവും മഴയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണ് മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വ്യത്യാസം സംഭവിച്ചതായി പറയുന്നത്. വെള്ളം കൂടുതൽ വഹിക്കുന്ന ഇത്തരം മേഘങ്ങൾ കുത്തനെ ഉയരത്തിൽ വ്യാപിച്ച് ശക്തിപ്പെടുകയും സാധാരണഗതിയിൽ ഉയർന്ന മേഘപാളികളിൽ കാണപ്പെടുന്ന ഐസ് ക്രിസ്റ്റലുകൾ ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉണ്ടാകുമ്പോൾ, മഴ ഉണ്ടാകുന്ന പ്രക്രിയ കൂടും. സ്വാഭാവികമായി മഴ വെള്ളവും കൂടും. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തുടർന്നുണ്ടായ മേഘവിസ്‌ഫോടനവുമാണ് പ്രളയത്തിന് കാരണമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രളയ മുന്നൊരുക്കങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

കൂമ്പാരമേഘങ്ങളെന്നാൽ

ഉയരത്തിൽ വളർന്ന് ശക്തിപ്പെടുന്ന മേഘങ്ങളാണ് 'കൂമ്പാരമേഘങ്ങൾ'. ജലം വഹിക്കാൻ ശേഷി കൂടുതലുള്ള മേഘങ്ങളാണിത്. എട്ട് കിലോമീറ്ററോളമാണ് സാധാരണമേഘങ്ങളുടെ ഉയരം. അതിനേക്കാൾ ഇരട്ടി ഉയരമുള്ള മേഘങ്ങൾ കൂടുന്നതാണ് അപകടകരമാകുന്നത്. ഇടിമിന്നൽ ശക്തിപ്രാപിക്കുന്നതിനും മേഘവിസ്‌ഫോടനത്തെത്തുടർന്നുള്ള ശക്തമായ മഴയ്ക്കും ഇത് കാരണമാകുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള ലക്ഷദ്വീപ് തീരങ്ങളിൽ 16 വരെ മത്സ്യബന്ധനത്തിന് ഏർപ്പെടാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റുണ്ടാകും. തെക്ക് കിഴക്കൻ അറബിക്കടലിലും 50 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റുണ്ടായേക്കും.

സാധാരണ ഗതിയിൽ മൺസൂൺ കാലത്ത് പാളീമേഘങ്ങളാണ് കേരള തീരത്ത് കാണപ്പെടുക. എന്നാൽ അടുത്ത ദശകങ്ങളിലായി സംവഹന പ്രക്രിയ വഴി രൂപം കൊള്ളുന്ന കൂമ്പാരമേഘങ്ങളുടെ രൂപീകരണ പ്രക്രിയ വർദ്ധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇക്കാരണം കൊണ്ടാണ് ഇടിവെട്ടും മിന്നലും മേഘവിസ്‌ഫോടനവുമെല്ലാം സാധാരണമാകുന്നത്. ഇത്തരത്തിലുള്ള സൂചന മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട പഠനമുണ്ടായിരുന്നില്ല.

ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ