meeting
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സമ്മേളനം ചാലക്കുടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: സഹകരണ പ്രസ്ഥാനങ്ങളിലെ വിശ്വാസ്യതയിൽ വിള്ളലുണ്ടാകാതെ ശ്രദ്ധിക്കുന്നതിൽ ജീവനക്കാരും ജാഗരൂകരാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. ചാലക്കുടിയിൽ നടന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്കിലുണ്ടായ സംഭവങ്ങൾ ജനാധിപത്യത്തിന് ഭൂഷണല്ല. ജനകീയ പ്രസ്ഥാനമായി പടർന്ന് പന്തലിക്കുന്ന സഹകരണ മേഖലയെ തകർക്കാൻ തക്കംപാർത്തിരിക്കുന്ന കേന്ദ്ര സർക്കാരിന് ഇതെല്ലാം പിടിവള്ളിയാകും. ഭരണ സമിതിയേക്കാൾ കേമന്മാരായ ഉദ്യോഗസ്ഥരുണ്ടാകുന്നതും ബാങ്കുകളിൽ അഴിമതി നടക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. മണിലാൽ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി.ആർ. ബാബുരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അനിൽ, ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, ട്രഷറർ ടി.കെ. ഡേവിസ്, സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.