roha
ചേർപ്പ് ഹെർബർട്ട് കനാൽ താത്കാലിക പാലത്തിന് സമീപം കരിങ്കൽ മണ്ണിട്ട് ഉയർത്തുന്നു.

നേരത്തെയുള്ള കാലവർഷ മുന്നറിയിപ്പ് ആശങ്ക

ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിലെ ചേർപ്പ് ഹെർബർട്ട് കനാൽ പാലത്തിന്റെ സമാന്തര പാത സഞ്ചാരയോഗ്യമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കനാലിൽ വെള്ളം ഉയർന്ന് ബണ്ട് റോഡിലൂടെയുള്ള വാഹന യാത്ര തടസപ്പെട്ടിരുന്നു.

ഹെർബർട്ട് കനാൽ പാലത്തിൽ പണി നടക്കുന്നതിനാലാണ് താത്കാലികമായി സമാന്തര റോഡ് ഒരുക്കിയത്. തെങ്ങും മറ്റും വസ്തുക്കളും ഉപയോഗിച്ചാണ് ബണ്ട് റോഡ് നിർമ്മിച്ചിട്ടുള്ളത്. ദിനംപ്രതി ബസടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. യാതെരു സുരക്ഷാ സംവിധാനങ്ങളോ നിയന്ത്രണങ്ങളോ പാലത്തിലില്ല. ഇതിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി വാഹനഗതാഗതം നിറുത്തിവച്ചു. കഴിഞ്ഞ ദിവസം തകർന്ന റോഡിൽ ക്വാറി അവശിഷ്ടങ്ങൾ നിരത്തി സഞ്ചാരയോഗ്യമാക്കി. ഉടനെ ആരംഭിക്കാനിരിക്കുന്ന കാലവർഷത്തിൽ കനാലിൽ ഇനിയും വെള്ളം ഉയരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനാൽ മഴയ്ക്ക് മുമ്പായി ബണ്ട് റോഡ് വെള്ളം കയറാത്ത അത്രയും ഉയരത്തിൽ പുനനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.