മറ്റത്തൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയിലൂടെ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര വലിയ തോട് സംരക്ഷിക്കാൻ യജ്ഞം. തോടിന്റെ ഇരുകരകളിലുമായാണ് മറ്റത്തൂർ പഞ്ചായത്തിലെ പത്ത് വാർഡുകൾ സ്ഥിതി ചെയ്യുന്നത്. വലിയ തോടിന്റെ സംരക്ഷണത്തിനായി തോടിനെ ഒമ്പതായി ഭാഗിച്ച് രണ്ട് പഞ്ചായത്ത് അംഗങ്ങൾക്ക് ചുമതല നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. 17 ന് ജോലിക്കിറങ്ങുന്ന ആയിരം തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പാശേഖര സമിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവരും ജോലിക്കിറങ്ങും. തോടിന്റെ ഇരുകരകളിലും വളർന്ന മരങ്ങളും കാടും വെട്ടിമാറ്റി തോട് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പ്രവൃത്തികളുടെ മുന്നോടിയായി ഇന്നലെ വലിയ തോടിന്റെ കരകളിലൂടെ വിവിധ ഭാഗങ്ങളിൽ ജല നടത്തവും സംഘടിപ്പിച്ചു.