കൊരട്ടി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ജല നടത്തവും ജലാശയ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പൊങ്ങം പെരുംങ്കുളമാണ് ശുചീകരിച്ചത്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹിച്ചു. നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.പോൾ കൈത്തോട്ടുങ്കൽ മുഖ്യാതിഥിയായി. സാമൂഹിക സേവനത്തിന്റെ ഭാഗമായി പൊങ്ങം നൈപുണ്യ കോളേജിലെ 100 വിദ്യാർത്ഥികൾ കുളം ഏറ്റെടുക്കുകയാണെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. മാലിന്യം കൊണ്ടും കൈയ്യേറ്റംകൊണ്ടും നഷ്ട്ടപ്പെട്ടുപ്പോയ ജലാശയങ്ങളുടെ വീണ്ടെടുപ്പ്, പഞ്ചായത്തിൽ ഒരു വാർഡിൽ 4 സ്ഥലങ്ങളിൽ ജലഗുണനിലവാര പരിശോധന, തോടുകളുടെ നവീകരണം എന്നിവയടങ്ങുന്നതാണ് പദ്ധതി. തുടർന്ന് മുടപ്പുഴ ഡാമിന്റെ ശുചീകരണവും നടത്തും. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ജിസി പോൾ, ലിജോ ജോസ്, റെയ്‌മോൾ ജോസ്, ജെയ്‌നി ജോഷി, പോൾസി പോൾ പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ പ്രസംഗിച്ചു