പാവറട്ടി: പ്രളയത്തെ തുടർന്നുള്ള എക്കൽ മണ്ണും ചെളിയും നിറഞ്ഞ് വരണ്ട് ഇല്ലാതാവുന്ന പെരിങ്ങാട് പുഴയുടെയും ചേറ്റുവ പുഴയുടെയും വീണ്ടെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ഉദ്യോഗസ്ഥരും ചേർന്ന് പുഴസഞ്ചാരം നടത്തി. മണ്ണ് നീക്കം ചെയ്ത് പുഴ സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ ആവശ്യത്തിന് പൊതു അംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എം. മുഹമ്മദ് ഗസ്സാലി, വി.എൻ. സുർജിത് എന്നിവർ ചേർന്നാണ് മുഴുവൻ മെമ്പർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പുഴസഞ്ചാരം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജലീൽ ആദൂർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ എന്നിവരും മറ്റു ജില്ലാ പഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. പുഴയിൽ മണ്ണ് അടിഞ്ഞ് കൂടിയതായും പുഴ സംരക്ഷിക്കണമെന്നും നേരത്തെ കേരളകൗമുദി വാർത്ത നൽകിയിരുന്നു.

എട്ടോളം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം
പുഴ തൂർന്ന് വരുന്നതു മൂലം സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം ഉൾക്കൊള്ളാൻ ആവാത്തത്തിനാൽ എട്ടോളം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. വെള്ളം സംരക്ഷിച്ച് നിറുത്താവുന്ന വിശാലമായ ഈ പുഴ ഇല്ലാതാവുന്നത് ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും.
-പി.കെ. ഡേവിസ് മാസ്റ്റർ
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)