കൊടുങ്ങല്ലൂർ: ബൈപാസിലെ വഴിവിളക്ക് വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് നഗരസഭയിലെ ഏക കോൺഗ്രസ് കൗൺസിലറും മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ വി.എം. ജോണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വഴിവിളക്ക് വിഷയത്തിൽ നഗരസഭ തുടർച്ചയായി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞിട്ടും കോട്ടപ്പുറം ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെയും അവർക്ക് പിന്തുണയും നൽകുന്നവരെയും അധിക്ഷേപിച്ച് നഗരസഭ നടത്തിയ വാർത്താ സമ്മേളനം സ്വന്തം വീഴ്ചകൾ മൂടിവയ്ക്കാനുള്ള നാടകം മാത്രമാണ്. തെരുവുവിളക്കുകൾ സ്ഥാപിക്കലും അതിന്റെ പരിപാലനവും തദ്ദേശ ഭരണസമിതിക്കാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്ന ബൈപാസ് റോഡിൽ നഗരസഭയ്ക്ക് നിഷ്‌പ്രയാസം തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ നഗരസഭയും എം.എൽ.എയും ഇതിനായി ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു, മേത്തല മണ്ഡലം സെക്രട്ടറി ജോഷി ചക്കാമാട്ടിൽ എന്നിവർ പങ്കെടുത്തു.