മഹാകിരാതരുദ്ര യജ്ഞത്തോടനുബന്ധിച്ച് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നടന്ന മേളം.
ചേലക്കര: പാഞ്ഞാൾ തോട്ടത്തിൽമന ശ്രീ കിരാതരുദ്ര ശ്രീവിദ്യാപീഠത്തിൽ മൂന്നു ദിവസമായി നടന്നുവന്ന മഹാകിരാതരുദ്രയജ്ഞം സമാപിച്ചു. കിരാതരുദ്ര യജ്ഞവേദിയിൽ ജാതീയതയുടെ അതിർവരമ്പുകൾ ഭേദിച്ച തിമില വിദ്വാൻ പെരിങ്ങോട് ചന്ദ്രന് ആദരവ് നൽകിയത് വ്യത്യസ്തമായി. കീഴ്ജാതിക്കാരനായതിനാൽ ക്ഷേത്രങ്ങൾക്കകത്തും ഇല്ലങ്ങളുടെയും കോവിലകങ്ങളുടെയും തിരുമുറ്റത്ത് നിന്ന് ഭൃഷ്ട് കൽപ്പിക്കപ്പെട്ട പെരിങ്ങോട് ചന്ദ്രനെ ആദരിച്ചതിലൂടെ ജാതിചിന്തകൾക്ക് മറുപടിയാണ് തോട്ടത്തിൽ മനയിൽ നിന്നും അദ്ദേഹത്തിന് നൽകിയത്. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുകൂടിയായ പെരിങ്ങോട് ചന്ദ്രനെ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ആദരിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, കുട്ടൻ നമ്പൂതിരി എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു. ഇന്നലെ കാലത്ത് ചെർപ്പുളശ്ശേരി ശിവൻ, കോങ്ങാട് മധു എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് കാവടിയാട്ടവും ഉണ്ടായി. ഉച്ചകഴിഞ്ഞ് ട്രിപ്പിൾ തായമ്പക, വൈകിട്ട് പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളത്തിന്റെ അകമ്പടിയോടെ വേട്ടേക്കരന്റെ എഴുന്നള്ളത്തും തുടർന്ന് പതിനായിരം നാളികേരമേറും നടന്നു. ഇന്ന് പുലർച്ചെ കൂറവലിക്കൽ ചടങ്ങോടുകൂടിയാണ് മഹാകിരാത രുദ്ര യജ്ഞത്തിന് സമാപനമായത്.