വ്യാപാരികൾക്കെതിരെ നടപടി വേണമെന്ന് തൊഴിലാളി സംഘടനകൾ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിലെ തൊഴിലാളികൾ നോക്കുകൂലി വാങ്ങിക്കുന്നുവെന്ന വ്യാപാരികളുടെ പ്രസ്താവന അടിസ്ഥാന വിരുദ്ധമാണെന്ന് മാർക്കറ്റിലെ തൊഴിലാളി നേതാക്കൾ. ഏകോപന സമിതി ജില്ലാ നേതാക്കൾ മാർക്കറ്റിലെ പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് അടിസ്ഥാന വിരുദ്ധമായ പ്രസ്താവന നടത്തുന്നത്.
മാർക്കറ്റിലെ തൊഴിലാളികൾ മാർച്ച് 26ന് തൃശൂർ ഡി.എൽ.ഒ പുറപ്പെടുവിപ്പിച്ച ഉത്തരവ് പ്രകാരമാണ് ജോലി ചെയ്യുന്നത്. ഉത്തരവിൽ പറയുന്ന 12.50% കൂലിയാണ് തൊഴിലാളികൾ കടയുടമകളിൽ നിന്നും വാങ്ങിക്കുന്നത്. ഉത്തരവ് വന്നതിന് ശേഷം എഗ്രിമെന്റിൽ ഇല്ലാത്ത ജോലികൾ ചെയ്യാൻ കടയുടമകൾ തൊഴിലാളികളെ നിർബന്ധിച്ചുവെന്ന് തൊഴിലാളി നേതാക്കാൾ കുറ്റപ്പെടുത്തി. ഇതിന് വിസമ്മതിച്ച തൊഴിലാളികൾ സമരത്തിലാണെന്ന വ്യാജ പ്രചാരണം നടത്തുകയും മാർക്കറ്റിലേക്ക് ചരക്ക് കൊണ്ടുവരാതിരിക്കുകയും ചെയ്തു.
ദിവസങ്ങളോളം ചരക്ക് കൊണ്ടുവരാതിരുന്ന വൻകിട കച്ചവടക്കാരും ചരക്ക് കിട്ടാതിരുന്ന ചെറുകിട കച്ചവടക്കാരും തമ്മിലുണ്ടായിരുന്ന ബന്ധം വഷളായതിനെ തുടർന്ന് ഏതാനും ചെറുകച്ചവടക്കാർ മർച്ചന്റ്‌സ് അസോസിയേഷനെ ധിക്കരിച്ച് മാർക്കറ്റിലേക്ക് ചരക്ക് കൊണ്ടുവരികയായിരുന്നു.
തൊഴിലാളികൾ നോക്കുകൂലി വാങ്ങിക്കുന്നുവെന്നത് ക്ഷേമബോർഡിൽ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. നിരവധി തവണ ഡി.എൽ.ഒ, എ.എൽ.ഒ ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലൊന്നും പരാതി ഉന്നയിച്ചിട്ടില്ല. ഇത്തരം നുണകൾ പ്രചരിപ്പിച്ച് തൊഴിലാളികളെ മോശക്കാരായി ചിത്രീകരിക്കാനാണ് കോട്ടപ്പുറം മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ ശ്രമിക്കുന്നതെന്നും തൊഴിലാളി സംഘടനാ നേതാക്കൾ ആരോപിച്ചു.