ചേർപ്പ്: കരുവന്നൂർ പുഴയോട് ചേർന്ന മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് സമീപമുള്ള ബണ്ട് റോഡ് ഇടിഞ്ഞു. കരുവന്നൂർ - കാറളം സൗത്ത് ബണ്ടിൽ കഴിഞ്ഞവർഷം കെട്ടിയ താത്കാലിക തടയണ തകർന്നാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞത്. കഴിഞ്ഞ പ്രളയകാലത്ത് ഇതേ ഭാഗത്തെ റോഡ് ഇടിഞ്ഞിരുന്നു. തുടർന്ന് മണൽ ചാക്കുകൾ നിറച്ച് താത്കാലികമായാണ് റോഡ് ഉയർത്തി നിർമ്മിച്ചത്. മഴ കനക്കുകയും മറ്റ് ഡാമുകൾ തുറക്കുകയും ചെയ്താൽ റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമാണെന്നും ഇത് കൂടുതൽ മണ്ണ് ഇടിച്ചലിന് സാദ്ധ്യത കൂട്ടുമെന്നും നാട്ടുകാർ പറഞ്ഞു.
അപകട ഭീതി നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇതുവഴിയുള്ള സഞ്ചാരം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.
തട ഇടഞ്ഞിതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ബണ്ട് ഇടിയുന്നത് തടയാൻ ബണ്ടിനോട് ചേർന്ന് കോൺക്രീറ്റ് മതിൽ കെട്ടി സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വർഷംതോറും ഇതേ ആവശ്യം ഉന്നയിച്ച് ഇറിഗേഷൻ, ജലസേചന, റവന്യൂ വകുപ്പ് കാര്യാലയത്തിൽ നിരവധി പരാതികളുമായി കയറിയിറങ്ങുന്നുണ്ടെങ്കിലും ഒരു പ്രയോജനമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുഴയും റോഡും സംരക്ഷിച്ചിലെങ്കിൽ വലിയ അപകടത്തിനും വെള്ളക്കെട്ടിനും കാരണമാകുമെന്നും ഇവർ പറയുന്നു.
ഇലിക്കൽ റെഗുലേറ്റർ യന്ത്രവത്കരിക്കണം. റോഡിന് മതിയായ സംരക്ഷണം ഏർപ്പെടുത്തി നവീകരിക്കണം.
കുട്ടികൃഷ്ണൻ നടുവിൽ
ഇല്ലിക്കൽ ബണ്ട് സംരക്ഷണ സമിതി കൺവീനർ