വെള്ളാങ്ങല്ലൂർ: കനത്ത മഴയിൽ പുത്തൻചിറ പിണ്ടാണി പടിഞ്ഞാറെ മിച്ചഭൂമി റോഡിലും വീടുകളിലും വെളളം കയറി. വാഴയ്ക്കാമഠം ഖലിൽ റഹ്മാൻ, കാരക്കാട്ട് മഠം ഉണ്ണിക്കൃഷ്ണൻ, പെരുമ്പിള്ളി വിലാസിനി, തോപ്പുവളപ്പിൽ ഉണ്ണികൃഷ്ണൻ, പുതിയേടത്ത് ബാബു, പാറയത്ത് ചന്ദ്രവല്ലി, പുല്ലാർകാട്ടിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. ചെങ്ങമത തോടിൽ സ്വകാര്യ വ്യക്തിയുടെ ചെമ്മീൻകെട്ട് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തോട് ഗതി മാറ്റി വിട്ടതാണ് വെള്ളം നിറയാൻ കാരണമായി പറയുന്നത്. എല്ലാ വർഷവും വെള്ളം നിറയുമ്പോൾ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുന്നത് പതിവാണെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ പഞ്ചായത്ത് അംഗം പി.സി. ബാബു പറഞ്ഞു.
വെള്ളാങ്ങല്ലൂർ: ശക്തമായ മഴയിൽ അന്നീക്കര റോഡ്, കൊടയ്ക്കാപറമ്പ്, വലിയപാടം റോഡ് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെളളം കയറി.
തോടുകളുടെ പുനരുദ്ധാരണം കൃത്യസമയത്ത് നടക്കാത്തതും അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലവുമാണ് മഴവെളളം ഒഴുകിപോകാൻ തടസം നേരിടുന്നതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും എൻ.സി.പി മണ്ഡലം പ്രസിഡന്റ് ബാബു സുരാജ് പറഞ്ഞു.