vaika

ഇരിങ്ങാലക്കുട: വൈശാഖപുണ്യം പെയ്തിറിങ്ങിയ സന്ധ്യയിൽ സംഗമേശസന്നിധിയിൽ ഗോപികാവിരഹ വിനോദ വൃന്ദാവനം തീർത്ത് വൈഗ കെ. സജീവ്. ഹംസനാദത്തിൽ ആദിതാളത്തിൽ ഗണേശ കൗത്വത്തോടെയായിരുന്നു ആരംഭം. തുടർന്ന് വലജി രാഗത്തിൽ ആരംഭിച്ച 45 മിനിറ്റിലധികം നീണ്ട 'ഗാനം ഇശൈന്ത് നിന്ററായോ ' എന്ന വർണത്തിലൂടെ ആസ്വാദകരെ ശുദ്ധനൃത്തത്തിന്റെ ഭാവതലങ്ങളിലേക്ക് എത്തിക്കാൻ നർത്തകിക്ക് കഴിഞ്ഞു.

ഗിന്നസ് മുരളീ നാരായണൻ ഓടക്കുഴലിൽ നാദവിസ്മയം തീർത്തപ്പോൾ ഗായിക ഭാഗ്യലക്ഷ്മി ഗുരുവായൂർ ആലാപനമികവിനാൽ മികച്ച പിന്തുണയും നൽകി. ഉദയശങ്കർലാൽ, കലാമണ്ഡലം അജീഷ്, ശ്യാം കല്യാൺ, മുരുകൻ ആലുവ എന്നിവരുമാണ് പിന്നണിയിലെ മറ്റ് പ്രശസ്തർ. തൃശൂർ അർപ്പണ ഡാൻസ് അക്കാഡമി ഡയറക്ടർ ജോബ് മാസ്റ്ററുടെ കീഴിൽ എട്ടുവർഷമായി ഭരതനാട്യം അഭ്യസിക്കുന്ന വൈഗ, എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഇരിഞ്ഞാലക്കുടയിലെ പ്രമുഖ വ്യവസായി സജീവ് കുമാർ കല്ലടയുടെയും ശാലിനിയുടെയും മകളുമാണ്.