നിർമ്മാണ തൊഴിലാളിയുടെ വീട് വെള്ളത്തിൽ

കാഞ്ഞാണി: കനത്ത മഴയിൽ നിർമ്മാണ തൊഴിലാളിയുടെ വീട് വെള്ളക്കെട്ടിലായി. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് വീട്ടുടമ ആരോപിച്ചു. മണലൂർ പഞ്ചായത്ത് ആറാം വാർഡിലെ പാന്തോട് കിഴക്ക് കോഴിപറമ്പിൽ റോഡിലെ കുന്നംപ്പുള്ളി വീട്ടിൽ വിവേകാനന്ദന്റെ വീടാണ് വെള്ളക്കെട്ടിലായത്. വീട്ടിലെ കിണറും കക്കൂസും ഇപ്പോൾ ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. രണ്ട് മാസം മുമ്പ് നിർമ്മിച്ച കോൺക്രീറ്റ് റോഡാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. റോഡ് നിർമ്മിക്കുന്നതിന് മുമ്പായി പരിസരത്തെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ പൈപ്പിടുകയോ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെയാണ് ഒരടി ഉയരത്തിൽ റോഡ് നിർമ്മിച്ചതെന്നാണ് ആരോപണം. മഴ പെയ്യുന്നതോടെ ഈ പ്രദേശത്തെ 15 വീട്ടുകാർക്കും വെള്ളക്കെട്ടിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട സ്ഥിതിയാണ്. സമീപ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു ജലസ്രോതസുകളും നികത്തിയതും വെള്ളകെട്ടിന് കാരണമായെന്ന് പ്രദേശവാസികൾ പറയുന്നു. ഇനിയും മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ പ്രതിസന്ധിയിലാകും.