
ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം
പാവറട്ടി: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി സ്വന്തമായി 226 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി എളവള്ളി പഞ്ചായത്ത്. എളവള്ളി പറക്കാട് എ.എൽ.പി സ്‌കൂളിനോട് ചേർന്ന സ്ഥലമാണ് പഞ്ചായത്ത് വാങ്ങിയത്. ജില്ലാ പഞ്ചായത്ത് ഒരു കോടിയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷവും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മറ്റുപല പഞ്ചായത്തുകൾക്ക് സ്ഥലം വാങ്ങാൻ പണം നീക്കി വെച്ചെങ്കിലും എളവള്ളിയിൽ മാത്രമാണ് സ്ഥലം വാങ്ങിയത്.
സ്ഥല ഉടമയുടെ താൽപര്യപത്രം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനയോജ്യതാ സാക്ഷ്യപത്രം, ഗവൺമെന്റ് പ്ലീഡറിൽ നിന്നുള്ള ക്ലിയർ ടൈറ്റിൽ സാക്ഷ്യപത്രം, എൽ.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിപത്രം, ചാവക്കാട് താലൂക്ക് സർവ്വേയറുടെ സർവ്വേ സ്കെച്ച്, ലൈഫ് ജില്ലാ മിഷൻ കോർഡിനേറ്ററുടെ അനുയോജ്യതാ സാക്ഷ്യപത്രം എന്നിവയാണ് എളവള്ളി പഞ്ചായത്ത് സമയബന്ധിതമായി സ്വരൂപിച്ചത്. സ്ഥല ഉടമകളായ പുല്ലാനിപറമ്പത്ത് ശ്രീധരൻ, വാക്കയിൽ ഉണ്ണികൃഷ്ണൻ എന്നിവർ സെന്റ് ഒന്നിന് 80,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ വില പ്രകാരം സെന്റ് ഒന്നിന് 52,000 രൂപ മാത്രമേ നൽകാനായുള്ളൂ. പഞ്ചായത്ത് സബ് കമ്മിറ്റി സ്ഥല ഉടമകളെ വിളിച്ചുവരുത്തി ജനകീയ പദ്ധതിക്കായി 52000 രൂപയിൽ സമ്മതിപ്പിക്കുകയായിരുന്നു.
ഭൂമിയും വീടും ഇല്ലാത്ത എളവള്ളി പഞ്ചായത്തിലെ 120 കുടുംബങ്ങൾക്കായി ഭവനം നിർമ്മിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്. ഹാൾ, അടുക്കള, രണ്ടു കിടപ്പുമുറി, വർക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്ന 600 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള 8 ഫ്‌ളാറ്റുകൾ അടങ്ങിയ സമുച്ചയം നിർമ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.
റോഡ് ടാറിംഗ്, തെരുവുവിളക്കുകൾ, കുടിവെള്ള സൗകര്യം, ഷട്ടിൽ കോർട്ട്, വയോജന മൂല, സൂപ്പർമാർക്കറ്റ് എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. ലൈഫ് സ്ഥലമേറ്റെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ആധാരം കൈമാറി നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. യുവ സിനിമ സംവിധായകൻ വിജീഷ് മണി, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജനപ്രതിനിധികളായ ഷീന പറയങ്ങാട്ടിൽ, കെ.എസ്.ജയ, എ.വി.വല്ലഭൻ, ബെന്നി ആന്റണി, ലീന ശ്രീകുമാർ, ബിന്ദു പ്രദീപ്, കെ.ഡി.വിഷ്ണു, എൻ.ബി.ജയ, ടി.സി.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗാനന്തരം തൃശൂർ തൈവമക്കൾ അവതരിപ്പിച്ച നാടൻപാട്ട് രാവ് ഉണ്ടായിരുന്നു.
ലൈഫ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ ആധാരം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു