തൃശൂർ: മഴക്കാല പൂർവ ശുചീകരണ സർക്കാർ പദ്ധതി പ്രഖ്യാപനത്തിലൊതുക്കി തൃശൂർ കോർപ്പറേഷൻ. മഴക്കാലമെത്തിയിട്ടും കോർപറേഷൻ പരിധിയിലെ തോടുകൾ വൃത്തിയാക്കിയില്ല. മേയ് അഞ്ചിന് മുമ്പ് തോടുകളുടെ വൃത്തിയാക്കലും കാനകളിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളും പൂർത്തീകരിക്കുമെന്നായിരുന്നു കോർപറേഷൻ ഭരണസമിതിയും മേയറും പ്രഖ്യാപിച്ചിരുന്നത്. 55 ഡിവിഷനുകൾ കേന്ദ്രീകരിച്ച് തോടുകൾ വൃത്തിയാക്കുന്ന പ്രക്രിയ ഇതുവരെ ആരംഭിച്ചില്ല. തോടുകളിലെയും ഓടകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് കാര്യക്ഷമമാക്കാത്തതിനാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. കോർപറേഷൻ പരിധിയിലെ മിക്ക തോടുകളിലും പായലും മണ്ണും നിറഞ്ഞ് ഒഴുക്ക് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മാത്രമല്ല റോഡ്‌സൈഡിലുള്ള കാനകളിലെ മണ്ണ് നീക്കം ചെയ്യാൻ 40,000 രൂപ വീതം ഒരു ഡിവിഷനിലേക്ക് നൽകുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടികളും ഇതുവരെ ആരോഗ്യ വിഭാഗം നടപ്പിലാക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

ഏപ്രിൽ മാസത്തിൽ തന്നെ തോടുകൾ ക്ലീനിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും അതിന്‌വേണ്ട എസ്റ്റിമേറ്റ് എടുക്കുകയോ ഭരണാനുമതി നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് തോട് ക്ലീനിംഗിന്റെ മറവിൽ ചെലവഴിക്കുന്നത്. ഇതിൽ വൻ അഴിമതിയാണ് നടക്കുന്നത്.
-രാജൻ.ജെ.പല്ലൻ, പ്രതിപക്ഷ നേതാവ്.

കോർപറേഷൻ പരിധിയിലെ ഏതാണ്ടെല്ലാ തോടുകളും കുളവാഴകളും അടിത്തട്ടിൽ മണ്ണും മാലിന്യവും പ്ലാസ്റ്റിക്കും അടങ്ങുന്ന ചെളിയും കെട്ടിക്കിടന്ന് വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നടപടി ആയാണ് ഭരണനേതൃത്വം മുന്നോട്ടു പോകുന്നത്.
-ജോൺ ഡാനിയൽ, പ്രതിപക്ഷ ഉപനേതാവ്.

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും മഴക്കാലപൂർവശുചീകരണത്തിന് തുടക്കമിടാൻ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
-പൂർണിമ സുരേഷ്, ബി.ജെ.പി കൗൺസിലർ.