books
അന്നനാട് ഗ്രാമീണ വായനശാലയ്ക്ക് ലഭിച്ച പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എ. നാരായണൻ ഏറ്റുവാങ്ങുന്നു.

കാടുകുറ്റി: പുസ്തക സമാഹരണത്തിന്റെ ഭാഗമായി അന്നനാട് ഗ്രാമീണ വായനശാല നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാകുന്നു. ജീവതത്തിലെ സന്തോഷ നിമിഷങ്ങളിൽ വായനശാലയെയും ചേർത്തുപിടിക്കാം എന്ന ആശയമാണ് നാട്ടുകാർ ഏറ്റെടുത്തത്. കാമ്പയിന്റെ ഭാഗമായി വിവാഹം, ജന്മദിനം, വിവാഹ വാർഷികം, വിവിധ മത്സര പരീക്ഷകളിലെ വിജയം തുടങ്ങി ആഹ്ലാദവേളകളിൽ നാട്ടുകാർ വായനശാലയിലേയ്ക്ക് പുസ്തകങ്ങൾ കൈമാറുന്ന രീതി അന്നനാട്ടിൽ വ്യാപകമായി. 'പുസ്തകക്കൂട' എന്ന പേരിൽ ആരംഭിച്ച കാമ്പയിനിൽ കഴിഞ്ഞയാഴ്ച വിവാഹിതരായ ഐറിൻ പോൾ-സലിൻ ദമ്പതികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു. മുൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എ. നാരായണൻ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല ലൈബ്രേറിയനായ പ്രീതി ടി. എസിന്റെ മകളാണ് ഐറിൻ പോൾ. പ്രസിഡന്റ് എം.എൻ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ഉണ്ണി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, വി.എച്ച്. ബാലമുരളി, പ്രദീപ്, പ്രീതി ടി.എസ് നവദമ്പതികളുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.