കുന്നംകുളം: അശാസ്ത്രീയമായ നിർമ്മാണം മൂലം കാനയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നു. കുന്നംകുളം നഗരസഭയിലെ 34-ാം വാർഡ് ചിറ്റഞ്ഞൂരിലെ മരട്ടിക്കുന്ന് കോളനി റോഡിലാണ് കാനയുള്ളത്. 2020-21 വർഷത്തിലെ പദ്ധതിയിലുൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി കുന്നംകുളം നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കാന നിർമ്മിച്ചത്. എന്നാൽ കോളനി റോഡിലെ സർക്കാർ കിണറിന് സമീപത്ത് നിന്നും ചിറ്റഞ്ഞൂർ റോഡിലേക്ക് ഇറങ്ങുന്ന വഴി വരെ നിർമ്മിക്കേണ്ട കാന കുറച്ച് സ്ഥലം വരെ മാത്രമാണ് നിർമ്മിച്ചിട്ടുള്ളതെന്നും നിർമ്മാണം നടത്തിയ കാനയുടെ അറ്റത്ത് കരാറുകാരൻ കോൺഗ്രീറ്റ് ഉപയോഗിച്ച് അടച്ച് വെള്ളം ഒഴുകി പോകാത്ത നിലയിലാണ് പണി പൂർത്തിയാക്കിയതെന്നും വാർഡ് കൗൺസിലർ ഗീതാ ശശി പറഞ്ഞു. കാനയിൽ വീഴുന്ന വെള്ളം ഒഴുകിപ്പോകാത്തതാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുകും കൂത്താടിയും പെരുകുകയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ ഇവിടെ വെള്ളക്കെട്ടുണ്ടാകാനും സാദ്ധ്യതയേറെയാണ്.
മഴക്കാലം കണക്കിലെടുത്ത് വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം. കാനയുടെ നിർമ്മാണം യഥാവിധി പൂർത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടാക്കണം.
-ഗീത ശശി.