ചാലക്കുടി: കാലവർഷം നേരത്തെ എത്തുകയും താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ദുരന്തങ്ങളെ നേരിടുന്നതിന് മുന്നൊരുക്കം നടത്താൻ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കൽ, തോടുകളും കാനകളും വൃത്തിയാക്കൽ എന്നിവ അടിയന്തരമായി നടത്താനാണ് തീരുമാനം. ഏറ്റവും വലിയ തോടായ പറയൻതോട് ആദ്യം വൃത്തിയാക്കും. ചെറുതോടുകളും ശുചീകരിക്കും.
പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റും.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ സ്വന്തം ചിലവിൽ മുറിച്ചുമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. അടിയന്തരഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനും തീരുമാനിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ സിന്ധു ലോജു, ബിജു എസ്. ചിറയത്ത്, കെ.വി. പോൾ, നിതപോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, എബി ജോർജ്, സെക്രട്ടറി എം.എസ്. ആകാശ്, എൻജിനിയർ എം.കെ. സുഭാഷ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.