കുറ്റിച്ചിറ: ചായ്പൻകുഴി ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടി പീലാർമുഴി കുന്നിൽ വാട്ടർ ടാങ്ക് നിർമ്മിച്ചെങ്കിലും ഇതുവരേയും ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകിയില്ലെന്ന് ആക്ഷേപം. ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മാണം പൂർത്തിയായിട്ട് ആറ് മാസത്തിലധികമായി. 5000 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ടാങ്കിൽ നിന്നാണ് വെളളം ഇപ്പോൾ തുറന്ന് വിടുന്നത്. പഴയ ടാങ്കിന്റെ യഥാസ്ഥാനത്ത് തന്നെയാണ് പുതിയ ടാങ്കും നിർമ്മിച്ചത്. അതിരപ്പിള്ളി ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാകുമ്പോൾ പുതിയ ടാങ്കിലേക്ക് വെളളം എത്താവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ വാട്ടർ കണക്ഷനുവേണ്ടി അപേക്ഷിച്ചിട്ടുളളവർക്ക് എത്രയും വേഗം വെളളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം. ജോസ് ആവശൃപ്പെട്ടു.