pipukal-pottunu

പുല്ലൂറ്റ് പോളക്കുളം ക്ഷേത്രത്തിന് സമീപത്തുകൂടി പോകുന്ന പൈപ്പ് പൊട്ടിയ നിലയിൽ.

കാലപ്പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നു, കൊടുങ്ങല്ലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം

കൊടുങ്ങല്ലൂർ: മഴ കനക്കുമ്പോഴും നഗരസഭയിലെ പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പുല്ലൂറ്റുള്ള കുടിവെള്ള സംഭരണ ടാങ്കിലേക്ക് വൈന്തലയിൽ നിന്നും വെള്ളമെത്തിക്കുന്ന പൈപ്പുകൾ പതിവായി പൊട്ടുന്നതാണ് ശുദ്ധജലക്ഷാമത്തിന് കാരണമായി പറയുന്നത്. കഴിഞ്ഞ 12 ദിവസത്തിലധികമായി ഈ സ്ഥിതിക്ക് മാറ്റമില്ല.

പുല്ലൂറ്റ് വില്ലേജിൽ തൈവെപ്പ്, ഉഴുവത്തുകടവ്, വിയ്യത്തുകുളം, ചാപ്പാറ, പന്തീരാംപാല, ഐ.ടി.സി, കല്ലംതോട്, മണ്ണാറത്താഴം, നാരായണമംഗലം, തെക്കേക്കുന്ന്, നായ്ക്കുളം, പാറംതുരുത്ത് എന്നിവിടങ്ങളിൽ താമസിക്കുന്നരാണ് കൂടുതലും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ടതാണ് പല പ്രദേശങ്ങളും. കൊടുങ്ങല്ലൂർ ഉഴുവത്തുകടവ്, വയലാർ എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.

വൈന്തലയിൽ നിന്നും പുല്ലുറ്റുള്ള ടാങ്കിലേക്ക് വെള്ളം കൊണ്ടുവരുന്ന 350 എം.എം വ്യാസമുള്ള പൈപ്പുകൾക്ക് ജലത്തിന്റെ ഉയർന്ന മർദ്ദം താങ്ങാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം നാരായണമംഗലം വെള്ളൂർ റോഡിൽ പോളക്കുളം ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി. ഇത് നന്നാക്കി കഴിഞ്ഞപ്പോൾ വെള്ളൂർ ഷാപ്പിന് സമീപവും പൈപ്പ് പൊട്ടുകയായിരുന്നു. ലോകമലേശ്വരം, പുല്ലൂറ്റ് വില്ലേജുകളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. നിലവിൽ എട്ട് മുതൽ പത്ത് ദിവസം വരെ കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നത്. പൈപ്പ് പൊട്ടലും മറ്റും ഉണ്ടായാൽ പിന്നെയും ദിവസങ്ങൾ നീളും. പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കാമെന്ന എം.എൽ.എയുടെ വാഗ്ദാനം നിറവേറ്റാനായിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷം പൈപ്പ് പൊട്ടൽ തുടർക്കഥയായപ്പോൾ വി.ആർ. സുനിൽ കുമാർ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ് കൊടുങ്ങല്ലൂർ മുൻസിപ്പൽ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.